കണ്ണൂർ
എസ്എസ്എൽസി പരീക്ഷ എഴുതിയശേഷം കൊല്ലത്തുനിന്ന് ട്രെയിൻകയറി നാടുവിട്ട വിദ്യാർഥികളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ബുധനാഴ്ച എസ്എസ്എൽസി പരീക്ഷ എഴുതിയശേഷമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് നിസാമുദ്ദീൻ എക്സ്പ്രസിൽ ജനറൽ കോച്ച് ടിക്കറ്റെടുത്ത് മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും യാത്ര പുറപ്പെട്ടത്. കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ബുധനാഴ്ച രാത്രി 11.30ന് ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ മറ്റൊരു വിദ്യാർഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. വിദ്യാർഥികളെക്കണ്ട് സംശയം തോന്നി സംസാരിച്ചെങ്കിലും മറുപടി ത-ൃപ്തികരമായതിനാൽ പൊലീസ് മടങ്ങി. പരിശോധന കഴിഞ്ഞപ്പോഴാണ് അഞ്ചു വിദ്യാർഥികളെ കാണാനില്ലെന്ന ചാത്തന്നൂർ പൊലീസിന്റെ സന്ദേശം ലഭിച്ചത്. സംശയം തോന്നിയ പൊലീസ് വീണ്ടും ട്രെയിനിൽ കയറി കുട്ടികളോട് സംസാരിച്ചു. ഒടുവിൽ കുട്ടികൾ പൊലീസിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞു.
ഊട്ടിയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ, അവിടെ എത്താനുള്ള വഴിപോലും അറിയില്ലായിരുന്നു. 2,500 രൂപയാണ് ഇവരുടെ കൈയിലുണ്ടായിരുന്നതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. ചൈൽഡ് ലൈൻ അധികൃതരെത്തി കൗൺസലിങ് നൽകി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ച രക്ഷിതാക്കളും പൊലീസും കണ്ണൂരിലെത്തി കുട്ടികളെ കൊല്ലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കണ്ണൂർ റെയിൽവേ എസ്എച്ച്ഒ കെ വി ഉമേശൻ, എസ് ഐ പി ജംഷീദ്, സിപിഒ കെ കെ മനോജ്, വി കെ ജിജേഷ്, പി കെ സുമേഷ് എന്നിവരാണ് കുട്ടികളെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്.