ബംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകംതന്നെ പ്രചാരണത്തിന് തുടക്കം കുറിച്ച് സിപിഐ എം. പാർടി ശക്തികേന്ദ്രമായ ചിക്കബല്ലാപ്പുർ ജില്ലയിലെ ബാഗേപ്പള്ളിയിൽ വൻ ബഹുജന റാലിയോടെയായിരുന്നു പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
നൂറുകണക്കിനു പേർ പങ്കെടുത്ത റാലിക്കുശേഷം സുന്ദരയ്യ ഭവനു സമീപം നടന്ന പൊതുസമ്മേളനത്തിൽ സ്ഥാനാർഥിയായ ഡോ. അനിൽകുമാറിന് പുറമെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, ബി വി രാഘവലു, സംസ്ഥാന സെക്രട്ടറി യു ബസവരാജ് തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസും ബിജെപിയും മാറിമാറി ഭരിച്ചിട്ടും കർണാടകത്തിൽ ജനങ്ങൾ അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് എം എ ബേബി പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ എൽഡിഎഫ് സർക്കാർ ഊന്നൽ നൽകുന്നതിനാൽ അതിദരിദ്രരുടെ എണ്ണം അറുപതിനായിരത്തോളമായി കുറയ്ക്കാൻ കഴിഞ്ഞു.
ബാഗേപ്പള്ളിയിലെ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിന് ഡോ. അനിൽകുമാർ വിജയിക്കേണ്ടത് അനിവാര്യമാണ്. അദ്ദേഹം കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ പ്രതീകമാണെന്നും ബേബി പറഞ്ഞു. ബാഗേപ്പള്ളിയിൽ സിപിഐ എം മൂന്നു തവണ ജയിച്ചിട്ടുണ്ട്.