കൊച്ചി
പുതിയ ജില്ലാ പ്രസിഡന്റിനെ നിയമിച്ച്, സുരേന്ദ്രൻപക്ഷം ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയിൽ പിടിമുറുക്കിയതോടെ കൂട്ടരാജിയുമായി കൃഷ്ണദാസ്പക്ഷ നേതാക്കൾ. പറവൂർ, പിറവം, തൃക്കാക്കര മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളിലെ അറുപതോളം ഭാരവാഹികളും രാജിവച്ചു. കോലഞ്ചേരി മണ്ഡലം കമ്മിറ്റിയിലും പൊട്ടിത്തെറിയുണ്ട്. കേന്ദ്രനേതൃത്വത്തിലേക്ക് പരാതി അയക്കുന്നതിനൊപ്പം നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് സ്ഥാനം നഷ്ടമായവരുൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ.
ആർഎസ്എസ് നോമിനിയായ എസ് ജയകൃഷ്ണന് കഴിവില്ലെന്നുപറഞ്ഞാണ് കെ സുരേന്ദ്രന്റെ നോമിനിയായ കെ എസ് ഷൈജുവിനെ എറണാകുളത്ത് ജില്ലാ പ്രസിഡന്റാക്കിയത്. സുരേന്ദ്രൻപക്ഷം പിടിമുറുക്കുന്നതിന്റെ ഭാഗമായി, സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണന്റെ തട്ടകത്തിലെ ആറു മണ്ഡലം പ്രസിഡന്റുമാരെയും അറുപതോളം മറ്റു ഭാരവാഹികളെയും ഒറ്റയടിക്ക് മാറ്റി. ഇതോടെ പൊട്ടിത്തെറി പരസ്യമായി. കെ എസ് ഷൈജു ശത്രുതാമനോഭാവത്തോടെ പെരുമാറുന്നുവെന്നാണ് എതിർപക്ഷത്തിന്റെ പരാതി.
പിറവം മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത്, ജനറൽ സെക്രട്ടറി എം എസ് കൃഷ്ണകുമാർ എന്നിവരാണ് ആദ്യം രാജിവച്ചത്. മണ്ണ്, റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുള്ളവരെ യുവമോർച്ച, ബിഎംഎസ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നുവെന്ന് ഇവർ ആരോപിച്ചു. ബിജെപി ഓഫീസിൽ അക്രമം നടത്തിയ വിമതരെപ്പോലും ഭാരവാഹികളാക്കിയെന്നും ആരോപണമുണ്ട്.
പറവൂരിൽ മണ്ഡലം പ്രസിഡന്റ് രഞ്ജിത് മോഹനും ഏഴിക്കര, കോട്ടുവള്ളി, ടൗൺ കമ്മിറ്റി ഭാരവാഹികളും രാജിവച്ചു. സ്വന്തം ഗ്രൂപ്പുകാരെമാത്രം ഭാരവാഹിയാക്കിയാൽ മതിയെന്ന ജില്ലാ പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചാണിത്. തൃക്കാക്കരയിൽ മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥനെ മാറ്റി സി കെ ബിനുമോനെ നിയോഗിച്ചതോടെ കലാപം രൂക്ഷമായി. സ്ഥാനം നഷ്ടമായ ലത സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വത്തെ പരസ്യമായി വിമർശിച്ചു. കോലഞ്ചേരി മണ്ഡലത്തിൽ പി സി വിനോജിനെ മണ്ഡലം പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറ്റി ഒ എം അഖിലിനെ പ്രസിഡന്റാക്കി. ഇതോടെ ഭൂരിപക്ഷം മണ്ഡലം ഭാരവാഹികളും പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.