ന്യൂഡൽഹി
ജനങ്ങളുടെ കലാകാരനാണ് വിവാൻ സുന്ദരമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മികച്ച സർഗാത്മക കലാകാരനായിരുന്നു അദ്ദേഹം. തൊഴിലാളിവർഗ താൽപ്പര്യങ്ങൾക്കായി നിരന്തരം പോരാടുകയും ജനങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പിബി പ്രസ്താവനയിൽ അനുസ്മരിച്ചു.
അടിയന്തരാവസ്ഥയുടെ ഘട്ടത്തിൽ വിദ്യാർഥി പ്രതിഷേധങ്ങളുടെയും കലാകാരന്മാരുടെ പ്രതിരോധക്കൂട്ടായ്മകളുടെയും സംഘാടകനായി. 1968ൽ ബറോഡ എം എസ് സർവകലാശാലയിലെ ചിത്രകലാ പഠനത്തിനുശേഷം ഉപരിപഠനത്തിനായി ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ആർട്ടിലേക്ക് പോയി.
അമ്മയുടെ സഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷേർഗിലിന്റെ സൃഷ്ടികൾ വിവാനെ സ്വാധീനിച്ചു. അമൃത ഷേർഗിൽ: എ സെൽഫ് പോട്രയറ്റ് ഇൻ ലെറ്റേഴ്സ് ആൻഡ് റൈറ്റിങ്സ് എന്ന പുസ്തകം 2010ൽ പുറത്തിറക്കി. സഹോദരി നവീന സുന്ദരവുമായി ചേർന്ന് ഷേർഗിൽ സുന്ദരം ആർട്സ് ഫൗണ്ടേഷന് 2016ൽ തുടക്കം കുറിച്ചു.
സഫ്ദർ ഹശ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട്ട് സെന്റർ തുടങ്ങിയവയുടെ സ്ഥാപകാംഗമാണ്. ഷാർജ ബിനാലയിലേക്ക് കമീഷൻ ചെയ്ത ലോകത്തെ 30 കലാകാരന്മാരിൽ ഒരാളാണ്. അദ്യ കൊച്ചി മുസീരിസ് ബിനാലെയില്‍ ‘ബ്ലാക്ക് ഗോൾഡ്’ ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചു. മുൻ നിയമ കമീഷൻ ചെയർമാൻ കല്യാൺ സുന്ദരത്തിന്റെയും ഇന്ദിരയുടെയും മകനായി 1943ൽ ഷിംലയിലാണ് വിവാൻ ജനിച്ചത്. പ്രശസ്ത കലാചരിത്രകാരിയും നിരൂപകയുമായ ഗീത കപൂറാണ് ഭാര്യ.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, ടീസ്ത സെതൽവാദ്, ശബ്നം ഹാഷ്മി തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു.