കോട്ടയം
ജി20 ഷെർപ്പമാരുടെ രണ്ടാം യോഗം 30 മുതൽ ഏപ്രിൽ രണ്ട് വരെ കുമരകത്ത് നടക്കും. 20 രാജ്യത്തിന്റെ പ്രതിനിധികൾ കുമരകത്തെത്തി. ജി20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട ഒമ്പത് രാഷ്ട്രങ്ങൾ, അന്താരാഷ്ട്ര പ്രാദേശിക സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെ 120-ലധികം പേരാണ് നാലുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പരിസ്ഥിതി വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള സെഷനുകളാണ് കുമരകത്ത് കെടിഡിസി വാട്ടർ സ്കേപ്സിലെ കൺവൻഷൻ സെന്ററിൽ നടക്കുക. ഇതോടൊപ്പം സാമ്പത്തിക- വികസന മുൻഗണനകളെക്കുറcിച്ചും സമകാലിക ആഗോള വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ചും ബഹുമുഖ ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളും കൃത്യമായ നടപ്പാക്കലും ചർച്ചചെയ്യും. ഏപ്രിൽ ആറ് മുതൽ ഒമ്പത് വരെ ജി20 വികസന വർക്കിങ് ഗ്രൂപ്പ് യോഗവും കുമരകത്ത് നടക്കുന്നുണ്ട്.
സെപ്തംബറിൽ നടക്കുന്ന ഡൽഹി ഉച്ചകോടിയിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം ഈ യോഗത്തിലെ തീരുമാനങ്ങളാണ്. വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ, വികസ്വര രാജ്യങ്ങളുടെ ആശങ്കകൾ, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികൾ, വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ജി20 മുൻഗണനകൾ തെരഞ്ഞെടുത്തത്.
ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം (ഡിപിഐ), ഹരിത വികസനം എന്നീ വിഷയങ്ങളിൽ രണ്ട് ഉന്നതതല അനുബന്ധ പരിപാടികളാണ് ആദ്യദിവസം നടക്കുക. ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവരടങ്ങുന്ന ജി20 ട്രോയിക്കയുമായുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് നേതൃത്വം നൽകും.