ന്യൂഡൽഹി
രാഹുൽ ഗാന്ധിയെ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയറ്റ് ഉത്തരവ് പുറപ്പെടുവിച്ചത് അതീവ തിടുക്കത്തിൽ. നേരത്തേ ലക്ഷദ്വീപിൽനിന്നുള്ള എംപി മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടപ്പോൾ വിധിവന്ന് മൂന്നുദിവസത്തിനു ശേഷമായിരുന്നു അയോഗ്യത പ്രഖ്യാപിച്ചത്. എന്നാൽ, രാഹുലിന്റെ കാര്യത്തിൽ വിധിവന്ന് അടുത്തദിവസംതന്നെ അയോഗ്യനാക്കി.
വ്യാഴാഴ്ച ലോക്സഭ പിരിഞ്ഞശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന മന്ത്രിമാരും ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടിരുന്നു. ശിക്ഷാവിധി ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് അഭ്യൂഹങ്ങളുണ്ടായി. ചർച്ചാവിഷയം കേന്ദ്ര സർക്കാരോ സ്പീക്കറുടെ ഓഫീസോ വെളിപ്പെടുത്തിയിട്ടില്ല.
ലോക്സഭയിൽ മോദി–- അദാനി ബന്ധം പറഞ്ഞതിന് രാഹുലിനെ അയോഗ്യനാക്കണമെന്ന് ബിജെപി അംഗങ്ങൾ ശക്തമായി വാദിക്കവെയാണ് സൂറത്ത് കോടതിയുടെ വിധി. അതിനാൽ അയോഗ്യത എത്രയുംവേഗം പ്രഖ്യാപിക്കാൻ സ്പീക്കറുടെ ഓഫീസിനുമേൽ സ്വാഭാവികമായി ഭരണകക്ഷി സമ്മർദമുണ്ടാകും. അദാനി അഴിമതി വിഷയത്തിൽ പ്രതിരോധത്തിലായ മോദി സർക്കാരിന് ജനശ്രദ്ധ മറ്റു വിഷയത്തിലേക്ക് തിരിക്കേണ്ടത് ആവശ്യമാണ്. അതിനുള്ള അവസരമായാണ് രാഹുലിനെതിരായ വിധിയെയും അയോഗ്യതാ പ്രഖ്യാപനത്തെയും ബിജെപി കാണുന്നത്.
ഇനി നിയമപോരാട്ടം
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയും കോൺഗ്രസും നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനും രണ്ടുവർഷം തടവിന് ശിക്ഷിച്ചതിനുമെതിരെ മേൽക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയാണ് പ്രധാന ലക്ഷ്യം. ഇതിന് ഉടൻ ഗുജറാത്ത് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ അപ്പീൽ നൽകും. ശിക്ഷിച്ച ഉത്തരവിന് അടിയന്തരമായി സ്റ്റേ ലഭിച്ചില്ലെങ്കിൽ വലിയ ആഘാതമാകും. ഈ സാഹചര്യത്തിൽ, കരുതലോടെയാണ് രാഹുലിന്റെ നീക്കം.
വാദമുഖങ്ങൾ തയ്യാറാക്കാനും കോടതിയിൽ ഹാജരാകാനും മനു അഭിഷേക് സിങ്വി, പി ചിദംബരം, സൽമാൻ ഖുർഷിദ്, വിവേക്തൻഖ എന്നിവരുൾപ്പെട്ട നിയമവിദഗ്ധരുടെ പ്രത്യേകസംഘം രൂപീകരിച്ചു. 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണം.
സൂറത്ത് കോടതി ഉത്തരവിന് പിന്നാലെ രാഹുൽ അയോഗ്യനാക്കപ്പെടുമെന്ന് കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടിയിരുന്നെങ്കിലും ഇത്രവേഗം ലോക്സഭാ സെക്രട്ടറി ജനറൽ വിജ്ഞാപനം ഇറക്കുമെന്ന് പ്രതീക്ഷിച്ചില്ല. സർക്കാരിൽനിന്നുണ്ടായ അസാധാരണ നീക്കം കോടതിയെ ബോധ്യപ്പെടുത്തും.
പ്രധാനമന്ത്രിയെ വിമർശിച്ചതിനൊപ്പം രാഹുൽ മറ്റു ചില മോദിമാരുടെയും പേരുകൾ പറഞ്ഞെങ്കിലും ആരെയും കരുതിക്കൂട്ടി അപകീർത്തിപ്പെടുത്തുകയായിരുന്നില്ല ലക്ഷ്യം. സൂറത്ത് കോടതിയുടെ അധികാരപരിധിയിലല്ല സംഭവം നടന്നത്. രാഹുലിന്റെ കാര്യത്തിൽ അപകീർത്തിക്കേസ് രാഷ്ട്രീയ ആയുധമാക്കി അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. ഹർജിക്കാരൻ ബിജെപി എംഎൽഎ ആയതിനാൽ കേസിലെ രാഷ്ട്രീയവും വ്യക്തം തുടങ്ങിയ വാദങ്ങളും ഉന്നയിക്കും.
2013ലെ വിധിക്കുശേഷം അയോഗ്യരാക്കപ്പെട്ടവർ
ക്രിമിനൽ കേസിൽ രണ്ടുവർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികൾ വിധി വന്നാലുടനെ അയോഗ്യരാകുമെന്ന് സ്ഥിതി സംജാതമായത് 2013 ജൂലൈ 10ലെ സുപ്രീംകോടതി വിധിപ്രകാരമാണ്.
കേസിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ അയോഗ്യരാകുന്നതിൽനിന്ന് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(4) സംരക്ഷണം നൽകിയിരുന്നു. വിധി വന്ന് മൂന്നുമാസത്തിനകം അപ്പീൽ നൽകിയില്ലെങ്കിൽ മാത്രമേ നിയമനിർമാണ സഭകളിലെ അംഗത്വം അയോഗ്യമാക്കപ്പെടുകയുള്ളൂ എന്നായിരുന്നു വകുപ്പ് 8(4) വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ലില്ലി തോമസ് കേസിൽ സുപ്രീംകോടതി വിധിച്ചത്. 2013ലെ സുപ്രീംകോടതി വിധി വന്നശേഷം ഇതുവരെ 15 ജനപ്രതിനിധികളാണ് നിയമനിർമാണ സഭകളിൽനിന്ന് അയോഗ്യരായത്.
രാഹുൽ ഗാന്ധി
വയനാട് എംപി (കോൺഗ്രസ്) 2019ൽ മോദിയെ വിമർശിച്ചതിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ 2023 മാർച്ച് 23ന് രണ്ടുവർഷം തടവിന് ശിക്ഷിച്ചു.
മുഹമ്മദ് ഫൈസൽ
ലക്ഷദ്വീപ് എംപി (എൻസിപി)വധശ്രമക്കേസിൽ 2023 ജനുവരി 11ന് 10 വർഷം തടവിന് ശിക്ഷിച്ചു.
അസംഖാൻ
രാംപുർ എംപി, യുപി (എസ്പി) 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ കോടതി 2022 ഒക്ടോബർ 28ന് മൂന്നുവർഷം ശിക്ഷിച്ചു.
ലാലുപ്രസാദ് യാദവ്
സരൺ എംപി, ബിഹാർ (ആർജെഡി)കാലിത്തീറ്റ കുംഭകോണക്കേസിലാണ് മുൻ മുഖ്യമന്ത്രിയായ ലാലുവിനെ 2013 ഒക്ടോബർ മൂന്നിന് അഞ്ചുവർഷം തടവിന് ശിക്ഷിച്ചത്.
ജഗദീഷ് ശർമ
ജഹനാബാദ് എംപി, ബിഹാർ (ജെഡിയു)ലാലുപ്രസാദ് യാദവിനൊപ്പം കാലിത്തീറ്റ കുംഭകോണക്കേസിൽ 2013 ഒക്ടോബർ മൂന്നിന് നാലുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
ടി എം സെൽവഗണപതി
രാജ്യസഭാ അംഗം, തമിഴ്നാട് (ഡിഎംകെ)2014 ഏപ്രിലിൽ അഴിമതിക്കേസിൽ രണ്ടുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു. തുടർന്ന് അയോഗ്യനാക്കുന്നതിനുമുമ്പേ രാജിവച്ചു.
റഷീദ് മസൂദ്
രാജ്യസഭാ അംഗം, യുപി (കോൺഗ്രസ്) എംബിബിഎസ് സീറ്റ് അഴിമതിക്കേസിലാണ് 2013 സെപ്തംബർ 19ന് നാലുവർഷം ജയിൽ ശിക്ഷ ലഭിച്ചത്.
അമിത് മഹദ്വ
സില്ലി എംഎൽഎ, ജാർഖണ്ഡ് (ജെഎംഎം)പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ 2018 മാർച്ച് 23ന് കോടതി രണ്ടുവർഷത്തേക്ക് ശിക്ഷിച്ചു.
യോഗേന്ദ്ര മഹദ്വ
ഗോമിയ എംഎൽഎ, ജാർഖണ്ഡ് (ജെഎംഎം) കൽക്കരി മോഷണക്കേസിൽ 2018 ജനുവരി 31ന് മൂന്നുവർഷത്തേക്ക് ശിക്ഷിച്ചു.
കമൽ കിഷോർ ഭഗത്
ലോഹർദാഗ എംഎൽഎ, ജാർഖണ്ഡ് (ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ)2015 ജൂണിൽ വധശ്രമക്കേസിൽ ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
സുരേഷ് ഹൽവാക്കർ
ഇചൽകരഞ്ചി എംഎൽഎ , മഹാരാഷ്ട്ര (ബിജെപി)വൈദ്യുതി മോഷണക്കേസിൽ 2014 മെയിൽ മൂന്നുവർഷം തടവിന് ശിക്ഷിച്ചു.
ബാബൻറാവു ഗോലാപ്
ഡിയോലാലി എംഎൽഎ, മഹാരാഷ്ട്ര (ശിവസേന)അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2014 മാർച്ചിൽ മൂന്നുവർഷം തടവിന് ശിക്ഷിച്ചു.
ഇനോസ് എക്ക
കോലേബിറ എംഎൽഎ, ജാർഖണ്ഡ് (ജാർഖണ്ഡ് പാർടി)കൊലപാതകക്കേസിൽ 2014 ജൂലൈ 18ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ആശ റാണി
ബിജവാർ എംഎൽഎ, മധ്യപ്രദേശ് (ബിജെപി) വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്ത കേസിൽ 2013 നവംബർ ഒന്നിന് 10 വർഷം തടവിന് ശിക്ഷിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം രാജ്യത്ത് അയോഗ്യരാക്കപ്പെട്ട ആദ്യ വനിതാ സാമാജികയാണ് ആശ റാണി.
പാപ്പു കലാനി
ഉല്ലാസ്നഗർ എംഎൽഎ, മഹാരാഷ്ട്ര(ആർപിഐ അഥവാലെ). 2013 ഡിംസബർ മൂന്നിന് കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
ജയലളിത
തമിഴ്നാട് മുൻമുഖ്യമന്ത്രിജയലളിത 2016 ഡിംസബർ അഞ്ചിന് മരിച്ചശേഷം 2017 ഫെബ്രുവരി 14നാണ് വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനക്കേസിന്റെ വിധി വന്നത്. നാലുവർഷം തടവിനും 100 കോടി രൂപ പിഴ അടയ്ക്കാനുമായിരുന്നു ശിക്ഷ.