ന്യൂഡൽഹി> ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് ലോക്സഭയിൽ ധനബിൽ അവതരണ ഘട്ടത്തിൽ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. സാമ്പത്തിക അച്ചടക്കം നിലനിർത്തി ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ ഫിനാൻസ് സെക്രട്ടറിയുടെ നേതൃത്വത്തിലാകും സമിതി.
കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്ക് ഒരേപോലെ നടപ്പാക്കാനാകും വിധത്തിലാകും പെൻഷൻ സമീപനത്തിന് രൂപംനൽകുക–- ധനമന്ത്രി പറഞ്ഞു. പങ്കാളിത്ത പെൻഷനിൽനിന്ന് മാറി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ ഉറപ്പ്. |
വിദേശ ടൂറുകളുടെ ചെലവ് ക്രെഡിറ്റ് കാർഡുകൾ വഴി അടയ്ക്കുന്നത് ഉദാരീകൃത പണമയക്കൽ പദ്ധതിയിൽ (എൽആർഎസ്) രേഖപ്പെടുത്താൻ കഴിയില്ലെന്നും അതുകൊണ്ട് ടിഡിഎസ് ചുമത്താനാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. വിഷയം പരിശോധിക്കാനും ക്രെഡിറ്റ് കാർഡ് അടവുകളെക്കൂടി എൽആർഎസ് പരിധിയിൽ കൊണ്ടുവരാനും ആർബിഐക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.