ന്യൂഡൽഹി
എതിർശബ്ദങ്ങളെ മോദിസർക്കാർ വേട്ടയാടിയപ്പോൾ പ്രതിഷേധിക്കാതെ അറച്ചുനിന്ന കോൺഗ്രസിനേറ്റ പ്രഹരമാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടി. ആർജെഡി, ജാർഖണ്ഡ് മുക്തി മോർച്ച, എഎപി, സമാജ്വാദി പാർടി, ബിആർഎസ് തുടങ്ങിയ പാർടികളുടെ നേതാക്കളെ ഇഡിയും സിബിഐയും ഒട്ടേറെ കേസുകളിൽപെടുത്തി വേട്ടയാടിയിരുന്നു. മോദിസർക്കാരിനെ വിമർശിച്ച ധൈഷണികരെയും മനുഷ്യാവകാശ പ്രവർത്തകരെയും കൽത്തുറുങ്കിൽ അടച്ചു. കേരളത്തിലാകട്ടെ എൽഡിഎഫ് സർക്കാരിനെതിരെ സംഘപരിവാർ ആസൂത്രണത്തിൽ നടക്കുന്ന നുണപ്രചാരണം കോൺഗ്രസ് ഏറ്റുപിടിച്ചു.
വയോധികനായ ഫാ. സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കേസിന്റെ ഭാഗമായി അറസ്റ്റുചെയ്ത് ജയിലിൽ അടച്ചപ്പോഴും കസ്റ്റഡിയിൽ അദ്ദേഹം മരിച്ചപ്പോഴും കോൺഗ്രസ് പ്രതിഷേധിച്ചില്ല. കാർഷികനിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നീണ്ട സമരം നടത്തിയപ്പോഴും കാഴ്ചക്കാരായ കോൺഗ്രസിൽ സമരത്തെ വിമർശിച്ചവരുമുണ്ട്.
ജെഎൻയു വിദ്യാർഥികളെ രാജ്യദ്രോഹികളായി ബിജെപി നേതാക്കൾ മുദ്രകുത്തിയപ്പോഴും ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചപ്പോഴും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോഴും കോൺഗ്രസ് അനങ്ങിയില്ല. ഡൽഹിയിലെ ആംആദ്മി സർക്കാരിനെതിരെ കേന്ദ്രഏജൻസികൾ രംഗത്തുവന്നപ്പോൾ സ്വാഗതംചെയ്യാനും കോൺഗ്രസ് മുതിർന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം അപകടത്തിലായപ്പോൾ ഇതര പ്രതിപക്ഷപാർടികളാകെ കൂടെനിൽക്കുകയാണ്.
അതിനിടെ അയോഗ്യനാക്കിയതിനു പിന്നാലെ സോണിയ ഗാന്ധി രാഹുലിനെ കണ്ടു. എഐസിസി ആസ്ഥാനത്ത് മുതിർന്ന നേതാക്കൾ യോഗംചേർന്ന് ഭാവി തന്ത്രങ്ങളും ആസൂത്രണം ചെയ്തു. അയോഗ്യത നീങ്ങണമെങ്കിൽ മേൽകോടതി സൂറത്ത് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം. വിധിമാത്രം മരവിപ്പിച്ചാലും അയോഗ്യത നിലനിൽക്കും. രാഹുലിനെതിരായ നീക്കങ്ങളെ മുൻകൂട്ടിക്കണ്ട് പ്രതിരോധിക്കാനായില്ലെന്ന വിമർശം കോൺഗ്രസിൽ ശക്തമാണ്.
അന്ന് ഓർഡിനൻസ് കീറി
എറിയാതിരുന്നെങ്കില്‍
മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ നാണംകെടുത്തിയതിനുള്ള ശിക്ഷയാണ് അയോഗ്യനാക്കപ്പെട്ടതിലൂടെ രാഹുൽ ഗാന്ധി അനുഭവിക്കുന്നതെന്ന് കോൺഗ്രസില്‍ ചർച്ച. 2013ൽ ജനപ്രാതിനിധ്യനിയമത്തിലെ 8(4) വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് ഓർഡിനൻസ് തയ്യാറാക്കിയിരുന്നു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യരാകുന്ന സിറ്റിങ് എംപിമാർക്കും എംഎൽഎമാർക്കും ചുരുങ്ങിയത് മൂന്നുമാസമെങ്കിലും നിയമപരമായ പരിരക്ഷ ഒരുക്കുന്നതായിരുന്നു 8(4) വകുപ്പ്. യുപിഎ സർക്കാർ തയ്യാറാക്കി മന്ത്രിസഭ അംഗീകരിച്ച് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അംഗീകാരത്തിനായി കൈമാറിയ ഓർഡിൻസാണ് രാഹുൽ ചീന്തിയെറിഞ്ഞത്. ഡൽഹി പ്രസ്ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലേക്ക് നാടകീയമായെത്തി കോൺഗ്രസ് വൈസ്പ്രസിഡന്റായിരുന്ന രാഹുൽ ‘ശുദ്ധ അസംബന്ധം’–- എന്ന് പൊട്ടിത്തെറിച്ച് ഓർഡിനൻസ് ചീന്തുകയായിരുന്നു.
അമേരിക്കൻ സന്ദർശനത്തിലായിരുന്ന മൻമോഹൻസിങ് ഇതോടെ പൂർണമായും പ്രതിരോധത്തിലായി. പ്രധാനമന്ത്രിയാണെങ്കിലും അദ്ദേഹം സോണിയ, രാഹുൽ അധികാരകേന്ദ്രത്തിന് ചുവട്ടിലാണെന്ന പ്രതീതി ഇതോടെ ശക്തമായി. മൻമോഹൻസിങ് രാജിക്ക് ഒരുങ്ങിയതായും റിപ്പോർട്ടുണ്ടായിരുന്നു. കൂടിയാലോചന നടത്തിക്കൊണ്ടിരിക്കെ ഓർഡിനൻസ് രാഹുൽ ചീന്തിയെറിഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന വിമർശം അന്നേ കോണ്‍ഗ്രസില്‍ ഉയർന്നു. ഓർഡിനൻസ് അന്ന് പാസായിരുന്നെങ്കിൽ രാഹുലിന് ഇപ്പോള്‍ എംപി സ്ഥാനം നഷ്ടമാകില്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അടക്കംപറച്ചില്‍