തിരുവനന്തപുരം
ബ്രഹ്മപുരത്തെ തീ ആളിക്കത്തിക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചപ്പോൾ വിഷയത്തിൽ ശാശ്വതപരിഹാരം കാണുകയായിരുന്നു സർക്കാർ. തീയണച്ച്, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക, ഭാവിയിൽ വിപത്ത് ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ കൃത്യമായ അജൻഡയോടെയാണ് സർക്കാർ പ്രവർത്തിച്ചത്. ഈ സമയത്ത് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് പറഞ്ഞവർക്കും രാപകലില്ലാതെ പണിയെടുത്ത ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചവർക്കും നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി നന്നായി കൊണ്ടു.
ബ്രഹ്മപുരത്തെ ഈ പരുവത്തിലാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം ആർക്കെന്ന് വിവരിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അത് മുൻകൂട്ടി കണ്ടാണ് വി ഡി സതീശനും കൂട്ടരും സഭയിൽനിന്ന് ഒളിച്ചോടിയത്. ഫയർഫോഴ്സ്, നേവി, എയർഫോഴ്സ്, ബിപിസിഎൽ, എച്ച്പിസിഎൽ, സിയാൽ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഫാക്ട് എന്നിവയടക്കം വിവിധ ഏജൻസികളെ ഏകോപിപ്പിച്ചായിരുന്നു തീയണയ്ക്കൽ. വിദേശത്തുനിന്ന് നിർദേശം സ്വീകരിച്ചു. എന്നാൽ, പ്രശ്നം വഷളാക്കാനും ജനങ്ങളെ പരിഭ്രാന്തരാക്കാനുമാണ് പല മാധ്യമങ്ങളും ശ്രമിച്ചത്. കൊച്ചിയും പരിസരപ്രദേശങ്ങളും മുഴുവൻ വിഷപ്പുക, ഉടൻ അമ്ലമഴ, ജനം പലായനം ചെയ്യുന്നു എന്നൊക്കെ വാർത്ത കൊടുത്തു. പ്രായാധിക്യമുള്ളയാളുടെ മരണംവരെ ബ്രഹ്മപുരത്തിന്റെ അക്കൗണ്ടിൽ കയറ്റി. എന്നാൽ, ഒരാൾക്കും ഗുരുതര പ്രശ്നമുണ്ടായില്ലെന്നാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ 10 വർഷത്തിനിടെ 5.59 ടൺ മാലിന്യം ബ്രഹ്മപുരത്ത് തള്ളാൻ ഇടയാക്കിയ സാഹചര്യം ചർച്ചയാക്കാൻ മാധ്യമങ്ങൾ തയ്യാറായതുമില്ല.