കോട്ടയം
ജി20 ഉച്ചകോടിയുടെ ഭാഗമായ ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 30 മുതൽ ഏപ്രിൽ രണ്ടുവരെ കെടിഡിസിയുടെ വാട്ടർ സ്കേപ്പ്സ് റിസോർട്ടിലാണ് സമ്മേളനം. ഇവിടെ പത്തുകോടി രൂപ മുടക്കി നിർമിക്കുന്ന ശീതീകരിച്ച കൺവൻഷൻ സെന്ററിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 600 പേർക്ക് ഇരിക്കാവുന്ന 10,000 ചതുരശ്ര അടി വിസ്തീർണമുള്ള സെന്ററാണ് ഒരുക്കുന്നത്.
സമ്മേളനത്തിന് മുന്നോടിയായി റോഡുകളുടെ നവീകരണവും പുരോഗമിക്കുന്നു. 10 കോടി രൂപ മുടക്കി നവീകരിക്കുന്ന തണ്ണീർമുക്കം–-ഇല്ലിക്കൽ റോഡിന്റെ ടാറിങ് പൂർത്തിയാക്കി. മാർക്കിങ് ജോലികളാണ് ബാക്കിയുള്ളത്. കൈപ്പുഴമുട്ട്–- ഇല്ലിക്കൽ റോഡിലെ ടാറിങ്ങും പൂർത്തിയായി. കുമരകം–-അമ്മങ്കരി റോഡിലും ബിഎം, ബിസി ടാറിങ് പൂർത്തിയാക്കി. വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന ജോലിതുടങ്ങി. കല്ലറ–-വെച്ചൂർ റോഡിൽ ഇന്റർലോക്ക് കട്ട വിരിക്കൽ ആരംഭിച്ചു. കവണാറ്റിൻകര–-ശക്തീശ്വരം റോഡിലെ നവീകരണം ഉടൻ തുടങ്ങും. സമ്മേളനവുമായി ബന്ധപ്പെട്ട അഞ്ച് റോഡ്പണികളും 25ന് മുമ്പ് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ജോസ് രാജൻ പറഞ്ഞു. റോഡരികിലെ വൃക്ഷങ്ങളുടെ കമ്പ് മുറിയ്ക്കുന്ന പണികളും പുരോഗമിക്കുകയാണ്. വഴിയരികിലെ അനധികൃത ബോർഡുകളും ഉടൻ നീക്കും.
വാട്ടർസ്കേപ്പ്സ് റിസോർട്ട്, സൂരി, കോക്കനട്ട് ലഗൂൺ, താജ് എന്നിവിടങ്ങളിലാണ് പ്രതിനിധികൾ താമസിക്കുന്നത്. സമ്മേളനകേന്ദ്രത്തിലേക്ക് ഇവരെ ജലവാഹനത്തിലാണ് എത്തിക്കുന്നത്. വഴി സുഗമമാക്കാൻ പോളനീക്കൽ തുടങ്ങി. പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും ജലയാനങ്ങൾ അടുപ്പിക്കുന്നതിന് തടസമുണ്ടെങ്കിൽ അതും പരിഹരിക്കും. ഈ ജോലികളുടെ ചുമതല ജലവിഭവ വകുപ്പിനാണ്. എല്ലാ ജോലികളും 10 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ ജോയി ജനാർദ്ദനൻ അറിയിച്ചു.
സമ്മേളനത്തിൽ ജി20 അംഗ രാജ്യങ്ങളായ ഇന്ത്യ, ചൈന, യുഎസ്, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും യൂറോപ്യൻ യൂണിയനിൽനിന്നുമായി നാനൂറോളം പ്രതിനിധികളെത്തും. കോക്കനട്ട് ലഗൂണിൽ അതിഥികൾക്കായി നാടൻകലകൾ അവതരിപ്പിക്കും.