ന്യൂഡൽഹി
സിആർപിഎഫിൽ നികത്താതെ കിടക്കുന്നത് 31 ശതമാനം നഴ് സിങ് തസ്തിക. എല്ലാ അർധസൈനിക വിഭാഗങ്ങളിലുമായി ഡോക്ടർമാരുടെ നൂറുകണക്കിന് ഒഴിവുണ്ടെന്നും രാജ്യസഭയിൽ വി ശിവദാസന്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകി. സിആർപിഎഫിൽ മെഡിക്കൽ ജീവനക്കാരുടേതായ് 1330 ഒഴിവുണ്ട്. ബിഎസ്എഫ്–- 317, സിഐഎസ്എഫ്– 81, ഐടിബിപി–169, എസ്എസ്ബി–- 228, അസം റൈഫിൾസ്-– -229 എന്നിങ്ങനെയാണ് മറ്റു സേനകളിൽ നഴ്സുമാരുടെ ഒഴിവ്.
ഇന്തോ–- ടിബറ്റൻ ബോർഡർ പൊലീസില്‍ 81 ഡോക്ടർമാരുടെ ഒഴിവുണ്ട്. സിഐഎസ്എഫ്–- 28, സിആർപിഎഫ്– -34, ബിഎസ്എഫ്– -54, എസ്എസ്ബി– -45, അസം റൈഫിൾസ്–- അഞ്ച് എന്നിങ്ങനെയാണ് ഡോക്ടർമാരുടെ ഒഴിവ്.
അർധസൈനിക വിഭാഗങ്ങളിലായി സൈനികരുടെ 84,866 ഒഴിവുണ്ടെന്ന് കേന്ദ്രം നേരത്തേ സഭയില്‍ വെളിപ്പെടുത്തിയിരുന്നു. സിആർപിഎഫ്–- 29,283, ബിഎസ്എഫ്–- 19,987, സിഐഎസ്എഫ്– -19,475, എസ്എസ്ബി–- 8273, ഐടിബിപി–- 4,142, അസം റൈഫിൾസ്–- 3706 എന്നിങ്ങനെയാണ് ഒഴിവ്.
സൈന്യത്തെ വൈകാരിക രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപകരണമാക്കുന്ന കേന്ദ്രം, സേനാംഗങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കുള്ള വ്യക്തമായ തെളിവാണ് നികത്താതെ കിടക്കുന്ന ഒഴിവുകളെന്ന് വി ശിവദാസൻ പറഞ്ഞു.