തിരുവനന്തപുരം
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ മുൻവർഷങ്ങളിൽ നാല് തവണ തീപിടിത്തമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിക്കാതെ മാലിന്യം നിക്ഷേപിക്കുന്ന അശാസ്ത്രീയ രീതിയാണ് ഒരു ദശകത്തിലധികമായി ബ്രഹ്മപുരത്ത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനായി ഇതുവരെ 121 ഏക്കർ ഭൂമിയാണ് കോർപറേഷൻ ഏറ്റെടുത്തത്. 2006ലെ എൽഡിഎഫ് സർക്കാർ 100 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ അനുവദിച്ചു.
തുടക്കത്തിൽ മാലിന്യം തരംതിരിച്ചാണ് എത്തിച്ചിരുന്നത്. 2009 ൽ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള പുരസ്കാരവും കൊച്ചിക്ക് ലഭിച്ചു. 2010 നു ശേഷം ജനപങ്കാളിത്തത്തോടെയുള്ള മാലിന്യസംസ്കരണത്തിൽ നിന്ന് കോർപറേഷൻ പിന്നാക്കം പോയതോടെ അജൈവ മാലിന്യം വൻതോതിലെത്തി. കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്ലാന്റ് ജീർണാവസ്ഥയിലായി. പത്ത് വർഷംകൊണ്ട് 5,59,000 ടൺ മാലിന്യം കുമിഞ്ഞുകൂടി. ഇത് ശാസ്ത്രീയമായി സംസ്കരിക്കാൻ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കുന്ന അജണ്ട 23 തവണ കോർപറേഷൻ മാറ്റിവച്ചു. അതിനാലാണ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കാൻ ദുരന്തനിവാരണ നിയമപ്രകാരം സർക്കാർ ഇടപെട്ട് ബയോ മൈനിങ്ങിന് തുടക്കമിട്ടത്. 30 ശതമാനം ബയോമൈനിങ്ങാണ് ഇതുവരെ പൂർത്തീകരിച്ചത്. രണ്ട് ഗഡുക്കളായി കമ്പനിക്ക് 11.06 കോടി രൂപ നൽകിയിട്ടുണ്ട്.
ലെഗസി മാലിന്യം നീക്കാനും സമാന പ്രശ്നങ്ങൾ തുടർന്നുണ്ടാകാതിരിക്കാനും 350 കോടി രൂപ ചെലവിൽ വേസ്റ്റ് – ടു – എനർജി പ്ലാന്റ് സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. 2018-ൽ പ്ലാന്റ് നിർമിക്കാൻ ജിജെ ഇക്കോ പവർ കമ്പനിക്ക് കരാർ നൽകി. രണ്ടു വർഷം കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിനാൽ 2020ൽ കരാർ റദ്ദാക്കി. പുതിയ കരാർ നൽകാനുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ പദ്ധതി വൈകുകയാണ്. രണ്ട് വർഷത്തിനുള്ളിൽ പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു .