കൊച്ചി
ബ്രഹ്മപുരത്ത് മുഴുവൻസമയവും ഫയർ വാച്ചർമാരെ നിയോഗിക്കാൻ എംപവേഡ് കമ്മിറ്റി തീരുമാനം. ബ്രഹ്മപുരത്തെ മുഴുവൻ പ്രദേശവും ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസിന്റെ പട്രോളിങ് ശക്തമാക്കാനും എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗം തീരുമാനിച്ചു. കോർപറേഷനാണ് ഫയർ വാച്ചേഴ്സിനെ നിയോഗിക്കാനുള്ള ചുമതല.
തദ്ദേശവാസികളുടെ ആശങ്കയകറ്റാൻ 17ന് മാലിന്യസംസ്കരണം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുമെന്ന് യോഗത്തിൽ അധ്യക്ഷനായ കലക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ എല്ലാ കരുതൽനടപടികളും എംപവേഡ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർവഹിക്കും. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ കർശനനിരീക്ഷണം നടത്തും. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് അടക്കം നിലവിലുള്ള പദ്ധതികൾ ആറു മാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ദൈനംദിന അവലോകനം നടത്തുമെന്നും കലക്ടർ പറഞ്ഞു.
സാമ്പിൾ ശേഖരിക്കും
മലിനീകരണ നിയന്ത്രണ ബോർഡ് ബ്രഹ്മപുരത്തെ വായു, വെള്ളം, മണ്ണ് എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കും.
ജാഗ്രത തുടരുന്നു
ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നു. ജില്ലയിലെ ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കാനാവശ്യമായ സംവിധാനങ്ങൾ സജ്ജമാണ്. തീപിടിത്തമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾസംബന്ധിച്ച് അഗ്നി രക്ഷാസേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
ഉറപ്പാക്കും ആരോഗ്യം
ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ വീടുകയറിയുള്ള ആരോഗ്യസർവേ പുരോഗമിക്കുന്നു. സർവേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർചികിത്സ ആവശ്യമുള്ളവരോട് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താൻ നിർദേശിക്കും. ടെലിഫോൺ വഴിയും സേവനം ലഭ്യമാക്കും. ഫയർ ഉദ്യോഗസ്ഥർക്ക് കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് ഒരുക്കി. മടങ്ങിയ ഫയർ ഉദ്യോഗസ്ഥർക്ക് അവിടങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസ് വഴി ആരോഗ്യപരിരക്ഷയും തുടർപരിശോധനയും ഉറപ്പാക്കി. തീയണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് സൈക്കോ സോഷ്യൽ സപ്പോർട്ട് ലഭ്യമാക്കും.
ജില്ലയിൽ 14 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തുടർപരിശോധനയും ഉറപ്പാക്കി. എസ്കവേറ്റർ ഡ്രൈവർമാർ, സിവിൽ ഡിഫൻസ്, കോർപറേഷൻ ജീവനക്കാർ എന്നിവർക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കും. ബ്രഹ്മപുരത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും കലക്ടർ നിർദേശിച്ചു.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു , തീപിടിത്തം സെക്ടർ
ഒന്നിൽനിന്ന്
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിൽ ആദ്യം തീപിടിത്തമുണ്ടായത് സെക്ടർ ഒന്നിലെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാലിന്യപ്ലാന്റിലേക്ക് പ്രവേശിക്കുമ്പോൾ വലതുഭാഗത്തുള്ള ഭാഗമാണിത്. ആറ് സിസിടിവി ക്യാമറകളിൽനിന്നായി 10 ജിബിയിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വൈകിട്ട് നാലോടെ പുക ഉയരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. നിമിഷങ്ങൾക്കകം ഉണങ്ങിയ പുല്ലിലൂടെ ആളിപ്പടർന്നു. അടിയിൽനിന്നാണ് തീപിടിച്ചത്. വ്യക്തികളുടെ സാന്നിധ്യം ആ സമയത്ത് അവിടെയില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങൾ, ഫോൺവിളികളുടെ വിശദാംശങ്ങൾ എന്നിവയും ശേഖരിച്ചു. ഇവയിലും അസ്വഭാവിമായി ഒന്നുമില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മനഃപൂർവം തീയിട്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളോ അട്ടിമറിസാധ്യത ശരിവയ്ക്കുന്ന വിവരങ്ങളോ ലഭിച്ചിട്ടില്ല. ഫോറൻസിക് സംഘം ഇവിടെനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ ഫലംകൂടി ലഭിച്ചശേഷമാണ് അന്വേഷകസംഘം കമീഷണർക്ക് റിപ്പോർട്ട് നൽകുക.
വൻ വീഴ്ചവരുത്തിയത് യുഡിഎഫ്
കൗൺസിലുകൾ
നഗരമാലിന്യ ശേഖരണവും ബ്രഹ്മപുരം പ്ലാന്റിലെ സംസ്കരണവും പ്രതിസന്ധിയിലായത് യുഡിഎഫ് കൗൺസിലുകൾ അധികാരത്തിലിരുന്ന 2010 മുതൽ 2020 വരെയെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും ദേശീയ ഹരിത ട്രിബ്യൂണലിന് പലപ്പോഴായി സമർപ്പിച്ച റിപ്പോർട്ടുകളിലാണ് വൻവീഴ്ചയുടെ സംസാരിക്കുന്ന തെളിവുകളുള്ളത്.
യുഡിഎഫ് ഭരണത്തിൽ മൂന്നുവട്ടം പ്ലാന്റിലെ മാലിന്യക്കൂനയ്ക്ക് തീപിടിച്ചു. 2019 ഫെബ്രുവരി രണ്ടിലെ ആദ്യ തീപിടിത്തത്തിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മർഗനിർദേശങ്ങളടക്കം അവഗണിച്ചെന്ന് മോണിറ്ററിങ് കമ്മിറ്റിയുടെ തുടർറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തീയണയ്ക്കാനുള്ള സ്ഥിരം സംവിധാനം പ്ലാന്റിൽ ഒരുക്കണമെന്ന് ആദ്യ തീപിടിത്തത്തിനുശേഷം മോണിറ്ററിങ് കമ്മിറ്റി നിർദേശിച്ചു. പ്ലാന്റിൽ കൂമ്പാരമാക്കിയ പഴയ മാലിന്യം (ലെഗസി വേസ്റ്റ്) സംസ്കരിക്കാൻ ബയോമൈനിങ് നടത്തണമെന്നും 15 ദിവസത്തിനുള്ളിൽ നടപടി ആരംഭിക്കണമെന്നും കോർപറേഷനോട് ആവശ്യപ്പെട്ടു. മാലിന്യം വേർതിരിച്ച് ശേഖരിക്കണമെന്നും പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്ത് എത്തിക്കരുതെന്നും നിർദേശിച്ചിരുന്നു. എല്ലാം കോർപറേഷൻ അവഗണിച്ചെന്ന് പിന്നീട് ചേർന്ന യോഗത്തിന്റെ മിനിട്സിലും വ്യക്തം.
സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി തിരുവനന്തപുരത്ത് യോഗം ചേർന്ന 2019 മാർച്ച് 15നായിരുന്നു രണ്ടാമത്തെ തീപിടിത്തം. അന്ന് പരിസരത്ത് വായുമലിനീകരണമുണ്ടായി. രണ്ടാം തീപിടിത്തത്തെ തുടർന്ന് വിഷയം ചർച്ചചെയ്യാൻ ഏപ്രിൽ ആറിന് ചേർന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലും ലെഗസി വേസ്റ്റ് സംസ്കരണത്തിലെ കോർപറേഷന്റെ വീഴ്ച വിമർശത്തിനിടയാക്കി. അതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗം നിർദേശിച്ചു.
യുഡിഎഫ് കൗൺസിൽ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് 2020 ഡിസംബർ 18നായിരുന്നു മൂന്നാമത്തെ തീപിടിത്തം. ഒരടിയോളം ആഴത്തിൽ കത്തിയ തീ മൂന്നര മണിക്കൂറോളം പ്രയത്നിച്ച് അണയ്ക്കാനായി. അടുത്ത ദിവസങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ പ്ലാന്റിൽ മാലിന്യക്കൂനയുടെ വ്യാപ്തി പരിശോധിച്ചിരുന്നു.
കോഴിക്കോട് എൻഐടി നടത്തിയ ഡ്രോൺ സർവേയിൽ ബ്രഹ്മപുരത്തെ 40.25 ഏക്കറിൽ ഏഴു സെക്ടറുകളിലായി 15–-20 മീറ്റർ ഉയരത്തിൽ 5,51,903 ക്യുബിക് മീറ്റർ മാലിന്യം കൂനയായതായി കണ്ടെത്തി. രണ്ട് യുഡിഎഫ് കൗൺസിലുകളുടെ 10 വർഷത്തെ ഭരണം അവസാനിക്കുന്ന സമയത്തെ അവസ്ഥയാണിത്.
വിളിപ്പുറത്തുണ്ട് ‘ആശ്വാസം’
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമുകൾ സജീവം. ജില്ലാ മെഡിക്കൽ ഓഫീസിലും എറണാകുളം മെഡിക്കൽ കോളേജിലുമായി രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂർ സേവനമാണ് ഒരുക്കിയിട്ടുള്ളത്. ഡിഎംഒയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം. ഫോൺമുഖേനയാണ് നിർദേശം. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിലേക്കോ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോണ്ട്സ് സെന്ററിലേക്കോ റഫർ ചെയ്യും. മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡുമുണ്ട്. മെഡിക്കൽ കോളേജിൽ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടർമാരുടെ സേവനവും ഡിഎംഒ ഓഫീസിൽ മൂന്ന് ഷിഫ്റ്റുകളിലായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുമുണ്ട്.
എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂം നമ്പർ: 80757 74769, ഡിഎംഒ ഓഫീസ്: 0484 2360802
യൂസഫലി ഒരുകോടി നൽകും
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ അഗ്നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഒരുകോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കനത്ത പുകയെ തുടർന്ന് ശ്വാസസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് യൂസഫലി അറിയിച്ചു. കൊച്ചി മേയർ എം അനിൽകുമാറിനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികൾ തുക ഉടൻ കോർപറേഷന് കൈമാറും.