ഒറ്റപ്പാലം> പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനും സാമ്രാജ്യത്വത്തിനും ഒപ്പംനിൽക്കുന്ന നരേന്ദ്രേമോദി സർക്കാരിന്റെ സമീപനമാണ് കോൺഗ്രസിനെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കുഞ്ഞിരാമൻ മാസ്റ്റർ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി, നെഹ്റു കാലത്ത് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുപോന്നിട്ടുള്ള ശാസ്ത്രീയവും ചരിത്രപരവും യുക്തിബോധവുമുള്ള നിലപാട് മോദി സർക്കാർ ഉപേക്ഷിച്ചു. ഇതിനുള്ള ചുവടുവയ്പ്പുകൾ തുടങ്ങിയത് കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ കാലത്താണ്.
പലസ്തീനിൽ കഴിഞ്ഞ മാസങ്ങളിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ മരിച്ചിട്ടും കോൺഗ്രസ് മിണ്ടിയില്ല. അഖണ്ഡ ഭാരതം എന്ന സങ്കൽപ്പം മുന്നോട്ടുവച്ച് ഇന്ത്യയിൽ ചിലർ പ്രവർത്തിക്കുന്നതുപോലെ അഖണ്ഡ ഇസ്രയേൽ രൂപീക്കരിക്കാനാണ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ശ്രമിക്കുന്നത്.ഇന്ത്യയുമായുള്ള ആയുധവ്യാപരത്തിലൂടെ ഇസ്രയേലിന് കിട്ടുന്ന ലാഭം പലസ്തീൻ ജനതയെ കൊന്നൊടുക്കാൻ കൂടിയാണ് ഉപയോഗിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി കെ ചന്ദ്രൻ, എസ് അജയകുമാർ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായെ കെ പ്രേംകുമാർ എംഎൽഎ, എം ഹംസ, എം ആർ മുരളി, പി കെ സുധാകരൻ, ലോക്കൽ സെക്രട്ടറി സി വിജയൻ എന്നിവർ സംസാരിച്ചു.