മനാമ> ഒമാൻ തലസ്ഥാനമായ മസ്കത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനായി തൂക്കിയിടുന്നത് മസ്കത്ത് മുനിനിസപ്പാലിറ്റി വിലക്കി. നിയമം ലംഘിക്കുന്നവർക്ക് 50 ഒമാൻ റിയാൽ (ഏതാണ്ട് 10,640 രൂപ) മുതൽ 5,000 ഒമാനി റിയാൽ (ഏതാണ്ട് 10,63,991 രൂപ) വരെ പിഴയും 24 മണിക്കൂർ മുതൽ ആറു മാസം വരെ തടവും ലഭിക്കുമെന്ന് മുനിസപ്പാലിറ്റി അറിയിച്ചു.
മസ്കത്ത് ഗവർണറേറ്റിൽ ബാൽക്കണിയിൽ മറയ്ക്കാനുള്ള വസ്തുക്കൾ സ്ഥാപിക്കാതെ അലക്കിയ വിസ്ത്രങ്ങൾ തൂക്കിയിടുന്നത് മുനിസിപ്പൽ നിയമങ്ങളുടെ നിരോധനമാണെന്ന് മുനിസിപ്പാലിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒന്നര സെന്റീമീറ്ററിൽ കൂടാത്ത സുഷിരങ്ങളുള്ള പരമ്പരാഗത ‘മഷ്റാബിയ’ യോ തടികൊണ്ടുള്ള ബോർഡുകളോ ഉപയോഗിച്ച് മറച്ച ബാൽക്കണികളിലാണ് വസ്ത്രങ്ങൾ ഉണക്കാനിടേണ്ടത്.
കോൺക്രീറ്റ് ബോർഡുകളും അനുവദനീയമാണ്. എന്നാൽ. ഇരുമ്പുകൊണ്ടുള്ള ബോർഡുകളോ വലകളോ ബാൽക്കണിയിൽ അനുവദിക്കില്ല. ഇത് ലംഘിച്ചാലും പിഴ ശിക്ഷ ലഭിക്കും. മസ്കത്ത് നഗരത്തിന്റെ സൗന്ദര്യവും പ്രൗഡിയും നില നിർത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് നഗരസഭ വ്യക്തമാക്കി.