കൊച്ചി> എംഡിഎംഎയുമായി നടനും എറണാകുളം നഗരത്തിലെ മയക്കുമരുന്നുവ്യാപാരം നിയന്ത്രിച്ചിരുന്ന സംഘത്തലവനും പിടിയിൽ. നടൻ തൃശൂർ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിൻ ജോസ് (32– ചാർലി), സംഘത്തലവൻ ഞാറക്കൽ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടിൽ ശ്യാംകുമാർ (38– ആശാൻ സാബു) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ സ്കൂട്ടറും ഇരുവരുടെയും മൊബൈൽഫോണുകളും കസ്റ്റഡിയിലെടുത്തു. നിധിന്റെ പക്കൽനിന്ന് 5.2 ഗ്രാം കഞ്ചാവും പിടികൂടി.
വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്നുകടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനൽ കേസുകളിലെ പ്രതി ആശാൻ സാബുവാണ് നഗരത്തിലെ മയക്കുമരുന്നുശൃംഖല നിയന്ത്രിച്ചിരുന്നത്. ഇയാളുടെ സംഘത്തിൽപ്പെട്ട പത്തോളംപേരെ ഒരുമാസത്തിനിടെ പിടികൂടിയിരുന്നു. നടനെ കൂട്ടുപിടിച്ച് ഇയാൾ നഗരത്തിൽ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയാണ് പിടികൂടിയത്.
മയക്കുമരുന്ന് വിറ്റതിന്റെ കലക്ഷൻ എടുക്കാൻ ഇടപ്പള്ളിയിൽ വ്യാഴം വൈകിട്ട് സ്കൂട്ടറുമായി ഏജന്റുമാരെ കാത്തുനിൽക്കുമ്പോഴാണ് ആശാൻ സാബുവിനെ പിടികൂടിയത്. ബംഗളൂരുവിലെ ആഫ്രിക്കൻ സ്വദേശിയിൽനിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നടന്റെ സഹായത്തോടെയായിരുന്നു വിൽപ്പന. “ചാർലി’ എന്ന പേരിലാണ് നിധിൻ ജോസ് സിനിമാമേഖലയിൽ അറിയപ്പെടുന്നത്. വ്യാഴം രാത്രി കളമശേരി ഞാലകം പോട്ടച്ചാൽ നഗറിലെ വാടകവീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് കമീഷണർ ബി ടെനിമോൻ, സി എം സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത്കുമാർ, സിറ്റി മെട്രോ ഷാഡോ സിവിൽ എക്സൈസ് ഓഫീസർ എൻ ഡി ടോമി, ഇ എൻ ജിതിൻ, സ്പെഷ്യൽ സ്ക്വാഡ് സിഇഒമാരായ ടി ആർ അഭിലാഷ്, ടി പി ജയിംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. റിമാൻഡ് ചെയ്തു.