തിരുവനന്തപുരം> സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ ചെയർമാനും ബൈജു ചന്ദ്രൻ, ആർ പാർവതീദേവി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് 2021ലെ അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.മലയാള ടെലിവിഷന് സൗന്ദര്യശാസ്ത്രപരമായ അടിത്തറ പാകിയ പ്രതിഭയാണ് ശ്യാമപ്രസാദ് എന്ന് ജൂറി അഭിപ്രായപ്പെട്ടു.