കൊച്ചി
തൊഴിലാളികളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം തുടർന്ന് എസ്ബിഐ മാനേജ്മെന്റ്. ഫെബ്രുവരി 24ന് പണിമുടക്കിയ നൂറിലേറെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനിലെ ജീവനക്കാർക്കാണ് നോട്ടീസ് ലഭിച്ചത്. പുറംകരാർവൽക്കരണത്തിലേക്ക് വഴിതുറക്കുന്ന പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ബാങ്ക് ഇടപാടുകൾ സൗഹൃദപരമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. സംഘടനാ ഭാരവാഹികളെ സ്ഥലംമാറ്റിയും ട്രേഡ് യൂണിയൻ പ്രവർത്തനം നടത്താനാകാത്തവിധം ചുമതലകൾ നൽകിയും പീഡനം തുടരുകയാണ്. പണിമുടക്കിയ ടിഎസ്ബിഇഎ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണയെ തിരുവനന്തപുരം ബ്രാഞ്ചിൽനിന്ന് പള്ളിപ്പുറം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ബ്രാഞ്ചിൽനിന്ന് വിട്ടുനിൽക്കാതിരിക്കാൻ സുപ്രധാന ചുമതലയും നൽകി.
ക്ലറിക്കൽ ജീവനക്കാരെ ശാഖകളിലെ ജോലിയിൽനിന്ന് മാറ്റി മാർക്കറ്റിങ്ങിന് നിയോഗിക്കുന്ന ‘മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ്’ പിൻവലിക്കുക, കൂടുതൽ നിയമനങ്ങൾ നടത്തുക, ഇടപാടുകാർക്കുള്ള സേവനം മെച്ചപ്പെടുത്തുക, കൂടുതൽ വായ്പ നൽകുക, എച്ച്ആർ നയം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിച്ചിരുന്നു. പണിമുടക്ക് നോട്ടീസ് നൽകുകയും മാനേജ്മെന്റ് പ്രതിനിധികൾ വിളിച്ചതനുസരിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. ചർച്ച വിഫലമായപ്പോൾ നടത്തിയ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് ഇപ്പോൾ കൂട്ടനടപടി. സംഘടനാ ഭാരവാഹികൾക്കുപുറമെ മുതിർന്ന പുരുഷ, വനിതാ ജീവനക്കാരെയും സ്ഥലംമാറ്റി.
കോട്ടയത്തെ സെൻട്രൽ ബാങ്കിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമരം ചെയ്ത ഒരു വനിതയടക്കം രണ്ട് ജീവനക്കാരെ ഫെബ്രുവരിയിൽ സസ്പെൻഡ് ചെയ്തിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിനുപകരം സമ്മർദതന്ത്രം പ്രയോഗിക്കുന്നത് ജനകീയ ബാങ്കിങ് സംവിധാനത്തെ തകർക്കുമെന്ന് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് അമൽ രവിയും ജനറൽ സെക്രട്ടറി സി ജയരാജും പറഞ്ഞു.