കൊൽക്കത്ത
പശ്ചിമ ബംഗാളിൽ മൂർഷിദാബാദ് ജില്ലയിലെ സാഗർദിഗി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ഇടതുമുന്നണി പിന്തുണയോടെ കോൺഗ്രസിലെ ബയ്റോൺ ബിശ്വാസ് 22976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂൽ കോൺഗ്രസിലെ ദേബാശിഷ് ബാനർജിയെ തറപറ്റിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയുടെ ബന്ധുകൂടിയാണ് ദേബാശിഷ് ബാനർജി. 2011 മുതൽ തൃണമൂലിന്റെ കൈവശമായിരുന്ന സീറ്റാണ് പിടിച്ചെടുത്തത്. 2021ൽ നടന്ന പെതുതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി സുബ്രത സാഹ അരലക്ഷത്തിലേറെ വോട്ടിന് ജയിച്ച സീറ്റാണ് വൻഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചത്. സുബ്രത സാഹ മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിക്ക് വൻതോതിൽ വോട്ട് നഷ്ടപ്പെട്ടു. ആകെ പോൾ ചെയ്തതിന്റെ 47.35 ശതമാനം വോട്ട് കോൺഗ്രസ് സ്ഥാനാർഥി നേടി. തൃണമൂലിന് 34.94, ബിജെപിക്ക് 13.94 ശതമാനം വീതം വോട്ട് ലഭിച്ചു. മണ്ഡലത്തിലെ വോട്ടർമാരിൽ 63 ശതമാനവും മുസ്ലിം ന്യൂനപക്ഷ വിഭാഗക്കാരാണ്. 2011ൽ സംസ്ഥാനത്ത് തൃണമൂൽ അധികാരത്തിൽ വന്നശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും തൃണമൂലിന്റെ ജയചരിത്രമാണുള്ളത്. അതിന് ഒരു മാറ്റമാണ് ഇപ്പോൾ ഉണ്ടായത്.
ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ ജനങ്ങളെ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അഭിനന്ദിച്ചു. മമത സർക്കാരിന്റെ അഴിമതിയിലും ജനവിരുദ്ധനയങ്ങളിലുമുള്ള ജനങ്ങളുടെ അതൃപ്തിയാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.