ന്യൂഡൽഹി
ലോകരാഷ്ട്രങ്ങളുടെ ഐക്യത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം തള്ളി ഉക്രയ്ൻ സംഘർഷത്തിൽ അലസിപ്പിരിഞ്ഞ് ഡൽഹിയിൽ ചേർന്ന ജി 20 വിദേശമന്ത്രിമാരുടെ യോഗം. വിദേശമന്ത്രിമാരെ അഭിസംബോധന ചെയ്ത മോദി, ആഗോള പ്രതിസന്ധികൾ തരണംചെയ്യാൻ യോജിച്ച ചർച്ച വേണമെന്ന് അഭ്യർഥിച്ചുവെങ്കിലും പ്രതിനിധികൾ ചെവിക്കൊണ്ടില്ല. ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും യോഗത്തിന് സമാനമായി സംയുക്തപ്രസ്താവന ഇറക്കുന്നതിൽ യോഗം പരാജയപ്പെട്ടു.
വ്യാഴാഴ്ച രണ്ടുസെഷനിലായി ബഹുരാഷ്ട്രവാദത്തിന്റെ ശക്തിപ്പെടുത്തൽ, ഭക്ഷ്യ-–-ഊർജ സുരക്ഷ, വികസന സഹകരണം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. എന്നാൽ ‘പരിഹരിക്കാനാകാത്ത അഭിപ്രായവ്യത്യാസങ്ങൾ ’ നിലനിന്നതിനാൽ സംയുക്ത പ്രസ്താവന ഇറക്കുന്നതിൽ തിരിച്ചടിയായെന്ന് വിദേശമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. പരമാവധി ശ്രമിച്ചുവെന്നും രാജ്യങ്ങളുടെ നിലപാടുകൾ തമ്മിലുള്ള അന്തരം അപരിഹാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. യോഗത്തിന്റെ സംഗ്രഹംമാത്രം ആതിഥ്യമരുളുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ പുറത്തിറക്കി.
റഷ്യ–- ഉക്രയ്ൻ സംഘർഷം മന്ത്രിതല യോഗത്തെ തകർത്തുവെന്ന് ഏകപക്ഷീയമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചത് കൂട്ടായ ചർച്ച പൊളിക്കുന്നതിന് സമാനമായി. റഷ്യയുടെ നീതീകരിക്കപ്പെടാത്ത അധിനിവേശം യുഎൻ ചാർട്ടറിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്നും ബ്ലിങ്കൻ അവകാശപ്പെട്ടു. രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ നിയോകൊളോണിയൽ മനോഭാവം കൈവെടിഞ്ഞിട്ടില്ലെന്ന് റഷ്യൻ വിദേശമന്ത്രി ലാവ്റോവ് തിരിച്ചടിച്ചു. പാശ്ചാത്യ പ്രതിനിധികളിൽ ചിലർ യോഗം പ്രഹസനമാക്കി. അവരുടെ പരാജയങ്ങൾ റഷ്യയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും ലാവ്റോവ് മാധ്യമങ്ങളോട് പ്രതികരിച്ചു. റഷ്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ സ്വയം ഒറ്റപ്പെട്ടുവെന്ന് അമേരിക്കൻ നേതൃത്വത്തിലുള്ള ഉപരോധങ്ങളെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
ലാവ്റോവിനെ കാണാൻ സമയം ചോദിച്ച് ബ്ലിങ്കൻ, 10 മിനിറ്റ് കൂടിക്കാഴ്ച
റഷ്യയുമായി ചർച്ചയ്ക്കില്ലന്നു പറഞ്ഞ് 24 മണിക്കൂറിനകം മലക്കംമറിഞ്ഞ് അമേരിക്ക. ജി–- 20 വിദേശമന്ത്രിമാരുടെ യോഗത്തിനെത്തിയ റഷ്യൻമന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ചയ്ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സമയം ചോദിച്ചെന്നും 10 മിനിറ്റ് സംസാരിച്ചെന്നും റഷ്യൻ വക്താവ് മരിയ സഖരോവ സ്ഥിരീകരിച്ചു. ഉക്രയ്ൻ– -റഷ്യ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. എന്നാൽ, അനൗദ്യോഗിക ചർച്ചയായിരുന്നെന്ന് പിന്നാലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കി.
അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറില്നിന്ന് പിന്മാറുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്നും ഉക്രയ്നിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നുമായിരുന്നു ബ്ലിങ്കന്റെ ആവശ്യം. എന്നാൽ, നാറ്റോ പ്രകോപനമാണ് സംഘർഷത്തിന് കാരണമെന്നും റഷ്യയുടെ പരമാധികാരത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങളിൽനിന്ന് പിന്മാറുകയാണ് വേണ്ടതെന്ന് ലാവ്റോവ് ബ്ലിങ്കനെ അറിയിച്ചെന്നാണ് റിപ്പോർട്ട്.