ന്യൂഡൽഹി
നാൽപ്പതിലേറെ സീറ്റ് നേടി ത്രിപുരയിൽ ആധികാരിക ജയം. ഏറ്റവും വലിയ ഒറ്റകക്ഷിയായിമാറി മേഘാലയയിൽകൂടി ബിജെപി മുഖ്യമന്ത്രി. പ്രതിപക്ഷം തീരെയില്ലാത്ത നാഗാലാൻഡിൽ സഖ്യകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർടിയുമൊത്ത് (എൻഡിപിപി) സമ്പൂർണ വിജയം–– മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി ഇതെല്ലാമായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്വപ്നങ്ങൾ.
ലക്ഷ്യം നേടാൻ കോടികൾ ഒഴുക്കിയായിരുന്നു പ്രചാരണം. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം മൂന്ന് സംസ്ഥാനങ്ങളിലുമായി പ്രചാരണത്തിന് പറന്നിറങ്ങി. രാഷ്ട്രീയ കുതന്ത്രങ്ങൾക്ക് രൂപം നൽകാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയുടെ നിത്യസാന്നിധ്യം. കോർപറേറ്റ് മാധ്യമങ്ങളുടെ നിർലോഭ പിന്തുണ. അനുകൂല സാഹചര്യമൊരുക്കാൻ കെട്ടിച്ചമച്ച അഭിപ്രായസർവേകൾ. എന്നാൽ, തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പ്രതീക്ഷകൾ പലതും തെറ്റി. ത്രിപുരയിൽ 33 സീറ്റോടെ അധികാരം നിലനിർത്തിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 11 സീറ്റും 11 ശതമാനം വോട്ടും കുറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ മോഹിച്ച മേഘാലയയിൽ രണ്ടു സീറ്റിൽ ഒതുങ്ങി. ചുരുക്കം മണ്ഡലങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും കെട്ടിവച്ച കാശും പോയി. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സമ്പൂർണ വിജയം പ്രതീക്ഷിച്ച നാഗാലാൻഡിൽ സഖ്യകക്ഷിയുമൊത്ത് നേടിയത് 37 സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 12 സീറ്റിൽനിന്ന് ഒന്നുപോലും കൂട്ടാൻ ബിജെപിക്കായില്ല.
ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി
അഞ്ച് സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ബംഗാളിലെ സാഗർദിഗിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021ൽ ഇവിടെ ബിജെപി നേടിയത് 25 ശതമാനം വോട്ടുവിഹിതത്തോടെ 45,000 വോട്ടാണ്. വോട്ടുവിഹിതം 13 ശതമാനത്തിലേക്കും വോട്ടിന്റെ എണ്ണം 45,000ൽനിന്ന് 25,815ലേക്കും ഇടിഞ്ഞു. 1990 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന മഹാരാഷ്ട്രയിലെ കസ്ബ പേട്ടിൽ കോൺഗ്രസിനോട് വലിയ ഭൂരിപക്ഷത്തിൽ തോറ്റു. മുൻ ശിവസേനാ നേതാവ് സ്വതന്ത്രനായിനിന്ന് 30000 വോട്ട് പിടിച്ച് മഹാസഖ്യം വോട്ടിൽ വിള്ളൽ വീഴ്ത്തിയതുകൊണ്ടുമാത്രം മഹാരാഷ്ട്രയിലെ ചിഞ്ച്വാഡ് നിലനിർത്താനായി. ജാർഖണ്ഡിലെ രാംഗഢിൽ കോൺഗ്രസിനെ തോൽപ്പിക്കാനായി ബിജെപി മത്സരിച്ചില്ല. ഇവിടെ എജെഎസ്യു ജയിച്ചു. തമിഴ്നാട്ടിലെ ഈറോഡിൽ സഖ്യകക്ഷിയായ എഐഡിഎംകെ ദയനീയമായി തോറ്റു.
പാഠം പഠിക്കാതെ
കോൺഗ്രസ്
മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനത്തെ നിയമസഭാ ഫലം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പാഠമാകുകയാണ്. പ്രത്യേകിച്ച് സമീപകാലംവരെ ശക്തികേന്ദ്രമായിരുന്ന മേഘാലയയുടെ ഫലം. അരുണാചൽ, മണിപ്പുർ, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് സമാനമായി മേഘാലയയിലും നാഗാലാൻഡിലും കോൺഗ്രസ് ഇല്ലാതാകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
മണിപ്പുരിലും അരുണാചലിലും മറ്റും കോൺഗ്രസ് കൂട്ടത്തോടെ ബിജെപിയായി മാറിയെങ്കിൽ മേഘാലയയിൽ തൃണമൂലാണ് കോൺഗ്രസിനെ വിഴുങ്ങിയത്. രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ സജീവമായി പ്രചാരണം നടത്തിയിട്ടും മേഘാലയയിൽ കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങി. കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന മുൻമുഖ്യമന്ത്രി മുകുൾ സാങ്മയ്ക്കും തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. തൃണമൂലിന് അഞ്ച് സീറ്റ് മാത്രം. 2018വരെ മേഘാലയയിൽ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ കോൺഗ്രസായിരുന്നു ഭരണത്തിൽ.
നാഗാലാൻഡിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് പൂർണമായും കാലിടറിയത്. 2008ലും 2013ലും സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷം കോൺഗ്രസായിരുന്നു. 2008ൽ 35 ശതമാനം വോട്ടും 23 സീറ്റും. 2013ൽ 25 ശതമാനം വോട്ടും എട്ട് സീറ്റും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൽസരിച്ചതുതന്നെ 18 സീറ്റിൽമാത്രം. എവിടെയും ജയിച്ചില്ല. ഇക്കുറി 23 സീറ്റിൽ മൽസരിച്ചെങ്കിലും ജയമുണ്ടായില്ല.