ന്യൂഡൽഹി
നാഗാലാൻഡിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർടി (എൻഡിപിപി)–- ബിജെപി സഖ്യത്തിന് ജയം. അറുപതംഗ സഭയിൽ 25 സീറ്റ് നേടി എൻഡിപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്ക് 12 സീറ്റ്. ഇതോടെ സഖ്യം ഭരണത്തുടർച്ച ഉറപ്പാക്കി. മുഖ്യപ്രതിപക്ഷമായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് തകർന്നടിഞ്ഞു. 2018ൽ 26 സീറ്റിൽ ജയിച്ച നാഗാ പീപ്പിൾസ് ഫ്രണ്ട് രണ്ട് സീറ്റിലൊതുങ്ങി. എൻഡിപിപി 18ൽനിന്നാണ് 25ലേക്ക് സീറ്റുയർത്തിയത്. ബിജെപിക്ക് 2018ലും 12 സീറ്റായിരുന്നു. കോൺഗ്രസിന് ഒരു സീറ്റിലും ജയിക്കാനായില്ല. എൻസിപിക്ക് ഏഴ്, എൻപിപി അഞ്ച്, ജെഡിയു ഒന്ന്, എൽജെപി രണ്ട്, റിപ്പബ്ലിക്കൻ പാർടി രണ്ട് എന്നിവർക്ക് പുറമേ നാല് സ്വതന്ത്രരും ജയിച്ചു കയറി.
ഇതോടെ, എൻഡിപിപി നേതാവ് നെയ്ഫിയു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയേക്കും. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തിൽ മതചിഹ്നങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചായിരുന്നു എൻഡിപിപി–-ബിജെപി സഖ്യത്തിന്റെ പ്രചാരണം.അകുലുട്ടോ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതിനാൽ ബിജെപി എതിരില്ലാതെ ജയിച്ചതോടെ 59 ഇടത്താണ് വോട്ടെടുപ്പ് നടന്നത്.
നാഗാലാൻഡിന്
ആദ്യ വനിതാ എംഎൽഎമാർ
സംസ്ഥാനപദവി കിട്ടി 60 വർഷം പൂർത്തിയാകുമ്പോൾ നിയമസഭയിലേക്ക് ആദ്യമായി വനിതാ പ്രതിനിധികളെ തെരഞ്ഞെടുത്ത് നാഗാലാൻഡ്. എൻഡിപിപി സ്ഥാനാർഥികളായ ഹെകാനി ജഖാലു, സല്‍ഹൗതുവോനുവോ ക്രൂസ് എന്നിവരാണ് വിജയം നേടി ചരിത്രം സൃഷ്ടിച്ചത്. ദിമാപുർ- -(മൂന്ന്) മണ്ഡലത്തിൽ എൽജെപി സ്ഥാനാർഥി അഷെതോ ഷിമോമിയെയാണ് ഹെകാനി ജഖാലു പരാജയപ്പെടുത്തിയത് (14,395 വോട്ട്). വെസ്റ്റേണ്‍ അംഗാമിയിൽ സ്വതന്ത്ര സ്ഥാനാർഥി കെനീഷാഖ നഖ്റോയെ സല്‍ഹൗതുവോനുവോ ഏഴ് വോട്ടിന് പരാജയപ്പെടുത്തി (7078 വോട്ട്). സംസ്ഥാനത്തെ 183 സ്ഥാനാർഥികളിൽ നാലു സ്ത്രീകളാണുണ്ടായിരുന്നത്. അഭിഭാഷകയും നാരിശക്തി പുരസ്കാര ജേതാവുമാണ് ഹെകാനി ജഖാലു. 1977ൽ തെരഞ്ഞെടുക്കപ്പെട്ട റാനോ എം ഷൈസയാണ് നാഗാലാൻഡിൽനിന്ന് ലോക്സഭയിലെത്തിയ ഏക വനിത. 2022ൽ രാജ്യസഭയിലെത്തിയ എസ് ഫാങ്നോൺ കൊന്യാകാണ് നാഗാലാൻഡിൽനിന്നുള്ള വനിതാംഗം.