ചെർപ്പുളശേരി
ആസ്വാദകരെ താളവട്ടങ്ങളുടെ ആവേശക്കൊടുമുടിയിൽ ആറാടിക്കുന്ന മാന്ത്രികവിരലുകളിൽ ചുവന്ന ഷാളുമായി ജാഥാക്യാപ്റ്റനരികിലേക്ക് ‘മട്ടന്നൂരെത്തി’. ജനസാഗരം മേളംപെരുക്കിയ ചെർപ്പുളശേരിയിലെ വേദിയിൽ വാദ്യകുലപതി എം വി ഗോവിന്ദനെ ഷാളണിയിച്ചു.
‘‘ക്ഷേത്രകലയെ ജനമധ്യത്തിലെത്തിച്ചത് ഈ സർക്കാരാണ്. സിപിഐ എമ്മിനെപോലെ മറ്റൊരു പാർടിയും കലാകാരന്മാർക്കുവേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടാകില്ല. അതിനാൽ കേരളത്തിലെ മുഴുവൻ കലാകാരന്മാർക്കുംവേണ്ടിയുള്ള ഷാളാണ് അണിയിക്കുന്നത്–- ജനകീയ പ്രതിരോധ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ സ്വീകരിച്ച് മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു. ഇത് കലാ കേരളത്തിന്റെ പിന്തുണയാണെന്നും കൂട്ടിച്ചേർത്തു. ചെണ്ടവിദ്വാൻ പനമണ്ണ ശശിയും കലാഭിവാദനവുമായെത്തി. സംഘാടകസമിതി ചെയർമാൻ മദ്ദള വിദ്വാൻ ചെർപ്പുളശേരി ശിവനാണെന്നതും കലാലോകം നൽകുന്ന പിന്തുണയുടെ ആഴം വിളംബരംചെയ്തു. കഥകളിയുടെ തലസ്ഥാനമായ വെള്ളിനേഴിയിൽ കൃഷ്ണവേഷവും ജാഥാ ക്യാപ്റ്റന് സമ്മാനിച്ചു. കഥകളിക്കോപ്പ് നിർമാണവും കഥകളി പഠിപ്പിക്കുന്ന ഏക സ്കൂളും വെള്ളിനേഴിയിലാണ്. അതിന്റെ പ്രതീകമായിട്ടായിരുന്നു കൃഷ്ണവേഷം സമ്മാനിച്ചത്.
പാലക്കാട് ജില്ലയിൽ വ്യാഴം രാവിലെ ആദ്യം കൂറ്റനാട്ടായിരുന്നു സ്വീകരണം. ഒറ്റപ്പാലം, മണ്ണാർക്കാട്, കോങ്ങാട് എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു. അട്ടപ്പാടിയിലെ കടുകമണ്ണ ഊരിൽ ആദിവാസി സമൂഹം സ്വന്തമായി ഉൽപ്പാദിപ്പിച്ച ചീര അരിയുടെ വിഭവങ്ങളേകിയാണ് മണ്ണാർക്കാട്ട് ജാഥയെ വരവേറ്റത്. വെള്ളിയാഴ്ച ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കും.
രാവിലെ 10–- പാലക്കാട് ചന്ദ്രനഗർ, പകൽ 11–- ചിറ്റൂർ അണിക്കോട്, വൈകിട്ട് മൂന്ന് –- നെന്മാറ, നാല് –- ആലത്തൂർ സ്വാതി ജങ്ഷൻ, അഞ്ച് –-വടക്കഞ്ചേരി.