റായ്പുർ
സമുന്നത സമിതിയായ പ്രവർത്തകസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പെന്ന പ്രധാന അജൻഡ പൂർത്തിയാക്കാതെ കോൺഗ്രസിന്റെ റായ്പുർ പ്ലീനറിക്ക് സമാപനം. പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കി നാമനിർദേശമാക്കിയതോടെ അംഗങ്ങളെ തീരുമാനിക്കുന്നത് നീളും. അംഗങ്ങളെയും പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നാമനിർദേശം ചെയ്യും.
അംഗബലം നിലവിലെ 23ൽനിന്ന് 35 ആക്കി ഉയർത്തി ഭരണഘടനാ ഭേദഗതി പ്ലീനറി അംഗീകരിച്ചിരുന്നു. ഇതിനു പുറമെ കോൺഗ്രസ് പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, മുൻ പ്രധാനമന്ത്രിമാർ, പാർലമെന്ററി പാർടി നേതാവ്, ലോക്സഭ–- രാജ്യസഭാ നേതാക്കൾ എന്നിവർ സ്ഥിരാംഗങ്ങളായിരിക്കും. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരായി ക്രിയാത്മകമായ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ സമാനമനസ്കരായ രാഷ്ട്രീയ പാർടികളുമായി യോജിച്ച് പ്രവർത്തിക്കും എന്നതടക്കം അഞ്ചിന റായ്പുർ പ്രഖ്യാപനം പ്ലീനറി അംഗീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി പ്രതിപക്ഷ പാർടികൾ യോജിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി പ്ലീനറിയിൽ പറഞ്ഞു. റാലിയോടെ പ്ലീനറി സമാപിച്ചു. മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തുടങ്ങിയവർ സംസാരിച്ചു.
പൊതുമേഖല
വിൽപ്പനയാകാം
രാജ്യത്തിന്റെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങൾ മോദി സർക്കാർ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോൾ അതിനെതിരായ നിലപാടില്ലാതെ കോൺഗ്രസ്.
അങ്ങേയറ്റം നഷ്ടത്തിലായ സ്ഥാപനങ്ങൾ, അത്ര പ്രധാനമല്ലാത്തതും തന്ത്രപ്രധാനം അല്ലാത്തതുമായ സ്ഥാപനങ്ങൾ എന്നിവയുടെ കാര്യത്തിൽ മാത്രമായി പൊതുമേഖലാ വിൽപ്പന പരിമിതപ്പെടുത്തണമെന്നാണ് കോൺഗ്രസ് നിലപാട്.
ജാതി സെൻസസ് വേണം
സാമൂഹ്യ–- സാമ്പത്തിക ജാതി സെൻസസ് ആവശ്യമാണെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് പ്ലീനറി. അധികാരത്തിലെത്തിയാൽ ഒബിസി വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി പ്രത്യേക മന്ത്രാലയത്തിന് രൂപം നൽകും.