ന്യൂഡൽഹി
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദിവാസി, ദളിത് വിഭാഗങ്ങൾക്ക് എതിരായ വിവേചനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തരനടപടികൾ ആവശ്യമാണെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ദളിത് വിഭാഗക്കാരായ വിദ്യാർഥികളുടെ വസ്ത്രധാരണരീതികളെയും ഇംഗ്ലീഷ് പരിജ്ഞാനത്തെയും കളിയാക്കൽ, നിസ്സാരമെന്ന് തോന്നിക്കുന്ന തമാശകളിലൂടെ വാർപ്പുമാതൃകകളെ സാധാരണമാക്കാനുള്ള ശ്രമങ്ങൾ –- തുടങ്ങിയ ക്രൂരതകൾ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുണ്ട്. ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ആത്മഹത്യകൾ വർധിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. തിക്തമായ സാമൂഹ്യ യാഥാർഥ്യങ്ങളിൽനിന്നും ജഡ്ജിമാർക്ക് ഒളിച്ചോടാനാകില്ലെന്നും ഹൈദരാബാദ് നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസെർച്ച് യൂണിവേഴ്സിറ്റി ഓഫ് ലോ (നാൽസാർ) ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തവെ ചീഫ്ജസ്റ്റിസ് പറഞ്ഞു.