ന്യൂഡൽഹി
പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന ബജ്റംഗ്ദളുകാരെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ സംരക്ഷിക്കുകയാണെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ. ‘‘സംഭവം നടന്ന ദിവസം മുതൽ ഞങ്ങളെ നിശ്ശബ്ദരാക്കാനാണ് സർക്കാർ ശ്രമം.
പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള അവരുടെ നീക്കങ്ങൾ കൊലപാതകികളുടെ ഭാഗത്താണ് അവരെന്ന യാഥാർഥ്യം തെളിയിക്കുന്നു’–- ജുനൈദിന്റെയും നസീറിന്റെയും ബന്ധുവായ മുഹമദ്ജാബിർ ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. കേസിലെ പ്രധാനപ്രതിയെന്ന് ബന്ധുക്കൾ ആരോപിക്കുന്ന ബജ്റംഗ്ദൾ നേതാവ് മോനുമനേസറിനെ ഇനിയും പിടികൂടിയിട്ടില്ല.
രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ഘട്ട്മീക സ്വദേശികളാണ് ജുനൈദിനെയും നസീറിനെയും തട്ടിക്കൊണ്ടുവന്ന് ഹരിയാനയിൽ കത്തിച്ചുകൊന്നത്. നീതി തേടി പ്രതിഷേധിക്കുന്ന ഇരുവരുടെയും ബന്ധുക്കൾക്കും നാട്ടുകാർക്കും സമാധാനം തകർക്കാൻ ശ്രമം ആരോപിച്ച് പൊലീസ് കാരണംകാണിക്കൽ നോട്ടീസ് നൽകി. തിങ്കളാഴ്ച പഹാരിയിലെ സബ് ഡിവിഷണൽ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാകാനും ആറ് മാസം വരെ തടവ് ലഭിക്കാതിരിക്കാനുള്ള കാരണങ്ങൾ ബോധ്യപ്പെടുത്താനുമാണ് നോട്ടീസ്. മോനുമനേസിനെ പിടികൂടണമെന്ന ആവശ്യത്തെ അടിച്ചമർത്താനുള്ള നീക്കമായാണ് നോട്ടീസിനെ ബന്ധുക്കൾ കാണുന്നത്.