ഡമാസ്കസ്
ഭൂകമ്പം പാടെ തകർത്ത സിറിയക്കുനേരെ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കസില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. 15 പേർക്ക് ഗുരുതര പരിക്കേറ്റു. ഞായർ പുലർച്ചയായിരുന്നു ആക്രമണം. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇന്റലിജന്‍സ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം താമസിക്കുന്നതുമായ അതീവ സുരക്ഷാ മേഖലയായ കാഫ്ര് സൗസയിലാണ് ആക്രമണമുണ്ടായത്. ഡമാസ്കസിന്റെ വിവിധ മേഖലകളിലും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. 10 നില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കെട്ടിടം തകരുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഡമാസ്കസിനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ഇതിനുമുൻപും ഇസ്രയേല്‍ മിസൈലാക്രമണങ്ങൾ നടന്നിട്ടുണ്ട്. ഡമാസ്കസ് വിമാനത്താവളത്തിനുനേരെ നടന്ന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.