തൃത്താല
ജിഎസ്ടി നടപ്പാക്കിയതിന് ശേഷം കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശേരി അൻസാരി കൺവൻഷൻ സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയ്ക്ക് ശേഷം നികുതി പിരിക്കാനുള്ള സ്രോതസ്സുകൾ കുറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം കൂടുതൽ ഉൽപ്പാദനത്തിലേക്ക് നീങ്ങണം. കേന്ദ്ര സർക്കാർ ആഡംബര വസ്തുക്കളുടെ നികുതി കുറച്ചതിലൂടെ ജനങ്ങൾക്ക് ഗുണം കിട്ടുന്നതിന് പകരം കമ്പനികൾ നേട്ടം കൊയ്യുന്ന സ്ഥിതിയാണുണ്ടായത്. ഒരു സാധനത്തിന്റെയും വിപണി വില കുറഞ്ഞില്ല. പാവപ്പെട്ടവർക്ക് ഇത് കൊണ്ട് കാര്യവുമില്ല. സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. 60 ലക്ഷം വീടുകളിൽ ക്ഷേമ പെൻഷൻ കൊടുക്കുന്നത് തുടരേണ്ട സാഹചര്യം പൊതുജനങ്ങളോട് പറയാനാണ് ബജറ്റിൽ എല്ലാ കാര്യവും വിശദീകരിച്ചത്. കേന്ദ്രം എത്ര ഞെരുക്കിയാലും വികസന പ്രവർത്തനങ്ങൾ മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് ചേർന്ന നഗരനയം രൂപീകരിക്കാൻ അർബൻ കമീഷനെ നിയോഗിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പരിപാടിയിൽ അധ്യക്ഷനായിരുന്നു അദ്ദേഹം.
പ്രതിനിധി സമ്മേളനത്തിന് മന്ത്രി എം ബി രാജേഷ് പതാക ഉയർത്തി. കിടങ്ങൂർ സ്വദേശിനി അൽഫോൺസ അഭിവാദ്യ ഗാനം ആലപിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേരള പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്, സി എം കൃഷ്ണൻ, ഡി സുരേഷ് കുമാർ, എം ഒ ജോൺ എന്നിവർ സംസാരിച്ചു.
സ്വരാജ് ട്രോഫി,- മഹാത്മ, മഹാത്മ
അയ്യങ്കാളി പുരസ്കാരങ്ങള്‍ സമ്മാനിച്ചു
തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി,- മഹാത്മ അയ്യങ്കാളി പുരസ്കാരങ്ങൾ മന്ത്രി എം ബി രാജേഷ് സമ്മാനിച്ചു. സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ സമാപനയോഗത്തിൽ ലോഗോ തയ്യാറാക്കിയ മാട്ട മുഹമ്മദിനുള്ള ട്രോഫിയും മന്ത്രി സമ്മാനിച്ചു.
സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്ത്തല ഒന്നാംസ്ഥാനം കൊല്ലവും കണ്ണൂരും പങ്കിട്ടു. ബ്ലോക്ക് പഞ്ചായത്തില്‍ പെരുമ്പടപ്പ് (മലപ്പുറം), കൊടകര (തൃശൂർ), നെടുമങ്ങാട് (തിരുവനന്തപുരം) എന്നിവയും പഞ്ചായത്തുകളിൽ മുളന്തുരുത്തി (എറണാകുളം), പാപ്പിനിശേരി (കണ്ണൂർ), മരങ്ങാട്ടുപിള്ളി (കോട്ടയം) എന്നിവയും മുനിസിപ്പാലിറ്റികളില്‍ തിരൂരങ്ങാടി (മലപ്പുറം), വടക്കാഞ്ചേരി (തൃശൂർ), സുൽത്താൻ ബത്തേരി (വയനാട്) എന്നിവയും ആദ്യ മൂന്ന്സ്ഥാനങ്ങൾ നേടി. കോര്പറേഷന് വിഭാഗത്തില്‍ തിരുവനന്തപുരത്തിനാണ് പുരസ്കാരം.
സംസ്ഥാന മഹാത്മാ പുരസ്കാരത്തില്‍ കള്ളിക്കാട് (തിരുവനന്തപുരം), അഗളി (പാലക്കാട്), ഷോളയൂർ (പാലക്കാട്) എന്നിവ പഞ്ചായത്ത് തലത്തില്‍ ആദ്യ മൂന്ന്സ്ഥാനങ്ങൾ നേടി. ബ്ലോക്ക് വിഭാഗത്തില്‍ പെരുങ്കടവിള (തിരുവനന്തപുരം), അട്ടപ്പാടി (പാലക്കാട്), നീലേശ്വരം (കാസർകോട്) എന്നിവ ആദ്യ മൂന്ന്സ്ഥാനങ്ങൾ നേടി. സംസ്ഥാനതല മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിന് കൊല്ലം കോര്പ്പറേഷന് അര്‍ഹരായി. മുൻസിപ്പാലിറ്റികളില്‍ വടക്കാഞ്ചേരി (തൃശൂർ) ഒന്നാംസ്ഥാനവും വൈക്കം (കോട്ടയം) രണ്ടാംസ്ഥാനവും നേടി.
സ്വരാജ് പുരസ്കാരത്തിന് സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷം, മൂന്നാമതെത്തിയവർക്ക് 30 ലക്ഷം രൂപവീതം ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്തിന് 20 ലക്ഷം, രണ്ടാംസ്ഥാനക്കാർക്ക് 10 ലക്ഷം രൂപ വീതം പുരസ്കാര തുകയായി ലഭിച്ചു.