കൊച്ചി
പാലക്കാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ സന്തോഷിനെ എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ കുത്തിക്കൊന്നയാൾ പിടിയിൽ. തൃശൂർ വരന്തരപ്പള്ളി വേലൂപ്പാടം രായംമരക്കാർ വീട്ടിൽ അഗ്നാനാണ് (21) സെൻട്രൽ പൊലീസിന്റെ പിടിയിലായതെന്ന് സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോഷണക്കേസിൽ പ്രതിയായ ഇയാൾ സംഭവശേഷം ചിക്കമഗളൂരുവിലെ ശൃംഗേരിയിലുള്ള റബർത്തോട്ടത്തിൽ വ്യാജപ്പേരിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ചനീണ്ട അന്വേഷണത്തിനൊടുവിൽ ചിക്കമഗളൂരുവിൽനിന്നാണ് ഇയാൾ പിടിയിലായത്. പാലക്കാട് കൊല്ലങ്കോട് ആനമാരി ഹൗസിൽ പൊന്നിച്ചാമിയുടെ മകൻ സന്തോഷാണ് (41 ) കൊല്ലപ്പെട്ടത്. മൂന്നിന് പുലർച്ചെ നാലരയോടെയായിരുന്നു കൊലപാതകം.
കൊല്ലത്തുനിന്ന് എറണാകുളത്തെത്തിയ അഗ്നാനും സ്വവർഗാനുരാഗിയായ സന്തോഷുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തി പുറത്തേക്കെടുത്തപ്പോൾ ഭയന്നോടിയ സന്തോഷിനെ പിടിച്ചുനിർത്തി മുതുകിൽ കുത്തുകയായിരുന്നു. അംബേദ്കർ സ്റ്റേഡിയത്തിന്റെ പിൻഗേറ്റിലൂടെ ഓടി രക്ഷപ്പെട്ട അഗ്നാൻ ട്രെയിൻമാർഗം തൃശൂരിലെ വീട്ടിലേക്കും അവിടെനിന്ന് കർണാടകത്തിലേക്കും കടന്നു. ട്രാൻസ്ജെൻഡേഴ്സിനെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യം അന്വേഷണം. എന്നാൽ, ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി കമീഷണർ പറഞ്ഞു. അഗ്നാനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
നിർണായകമായി
സിസിടിവി ദൃശ്യങ്ങൾ
കാര്യമായ തെളിവുകൾ കിട്ടാതിരുന്ന കേസിൽ നിർണായകമായത് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ. നൂറ്റമ്പതിലധികം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. സംഭവദിവസം പുലർച്ചെ 4.39ന് സന്തോഷ് അംബേദ്കർ സ്റ്റേഡിയത്തിലേക്ക് കയറുന്നതും 4.42ന് കുത്തുകൊണ്ട് തിരിച്ചിറങ്ങുന്ന ദൃശ്യവും കിട്ടി. അന്വേഷണത്തിൽ 4.44ന് സ്റ്റേഡത്തിന് പിറകിലെ ഗേറ്റിലൂടെ ഒരാൾ പുല്ലേപ്പടി ഭാഗത്തേക്ക് ഓടുന്ന ദൃശ്യം ലഭിച്ചതോടെയാണ് അന്വേഷണം ട്രാക്കിലായത്. അഗ്നാൻ നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്ന വ്യക്തമായ ദൃശ്യം ലഭിച്ചതും വഴിത്തിരിവായി. ഈ സമയം പുറപ്പെട്ട ട്രെയിൻ കണ്ടെത്തിയ പൊലീസ് അഗ്നാൻ തൃശൂരിൽ ഇറങ്ങിയതായി കണ്ടെത്തി. ഇയാൾ കയറിയ ബസിലെ കണ്ടക്ടറുടെ സഹായത്തോടെ പ്രതി വേലൂപ്പാടം സ്വദേശിയാണെന്ന് ഉറപ്പിച്ചു. സുഹൃത്തുക്കളിൽനിന്നാണ് അഗ്നാൻ ചിക്കമഗളൂരുവിലേക്ക് കടന്നുവെന്ന് മനസ്സിലാക്കിയത്. മറ്റൊരു സുഹൃത്തിനെക്കൊണ്ട് ഡ്രൈവർ ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ അഗ്നാൻ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഡ്രൈവറായി ജോലി ചെയ്തു. വധഭീഷണിയുള്ളതിനാൽ എറണാകുളത്തുനിന്ന് കത്തിവാങ്ങി സൂക്ഷിച്ചെന്നാണ് മൊഴി. കേസിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് കമീഷണർ പറഞ്ഞു.