മലപ്പുറം
ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയെന്ന് ഇരുവിഭാഗവും സമ്മതിച്ചിട്ടും കൃത്യമായ നിലപാടെടുക്കാതെ മുസ്ലിംലീഗ്. ചർച്ചയ്ക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തുവന്നിട്ടും ജമാഅത്തെ ഇസ്ലാമിയെ പിണക്കാതിരിക്കാൻ ജാഗ്രതയോടെ പ്രതികരിക്കുകയാണ് ലീഗ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർടിയായ വെൽഫെയർ പാർടിയുമായുള്ള ബന്ധം കാരണം മൂന്നുദിവസമായി മലപ്പുറത്ത് നടന്ന ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം ചർച്ചയ്ക്കുവന്നില്ല.
ആർഎസ്എസുമായി ജനുവരി 14ന് ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയ വാർത്ത കഴിഞ്ഞ 14നാണ് പുറത്തുവന്നത്. അടുത്തദിവസം ആർഎസ്എസ് നേതൃത്വം ഇത് സ്ഥിരീകരിച്ചു. മഥുര, കാശി പള്ളികൾ ഉൾപ്പെടെയുള്ള വിഷയങ്ങളും പരസ്പരം ചർച്ചചെയ്തു. ചർച്ച തുടരുമെന്ന് ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി ടി ആരിഫ് അലിയുടെ പ്രഖ്യാപനവും വന്നു. അതോടെയാണ് പ്രധാന മുസ്ലിം സംഘടനകൾ പ്രതിഷേധമുയർത്തിയത്.
പിൻവാതിലിലൂടെ ചർച്ച നടത്തി സമുദായത്തെ വഞ്ചിച്ചുവെന്നാണ് സമസ്ത സെക്രട്ടറി ഉമർ ഫൈസി പ്രതികരിച്ചത്. തലയിൽ മുണ്ടിട്ട് ചർച്ച നടത്തിയത് പരിഹാസ്യമാണെന്നായിരുന്നു കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനിയുടെ വിമർശം. ചർച്ചയുടെ വിശദാംശം പുറത്തുവിട്ട് ആശങ്കയകറ്റണമെന്ന് എസ്വൈഎസ് സംസ്ഥാന യൂത്ത് കൗൺസിലും ആവശ്യപ്പെട്ടു. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
അപ്പോഴും മുസ്ലിംലീഗിന്റെ പ്രതികരണം കരുതലോടെയായിരുന്നു. പഠിച്ചിട്ടേ പറയാനാകൂ, കൂടിക്കാഴ്ചയെക്കുറിച്ച് അവരാണ് പറയേണ്ടതെന്നൊക്കെ ഒഴുക്കൽ മട്ടിൽ പറഞ്ഞു തടിയൂരുകയായിരുന്നു ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വെൽഫെയർ പാർടിയുമായി യുഡിഎഫിനുള്ള തെരഞ്ഞെടുപ്പ് സഖ്യമാണ് തുറന്നെതിർക്കാൻ ലീഗിന് വിലങ്ങുതടിയാകുന്നത്.
മലപ്പുറത്തെ പരപ്പനങ്ങാടി, തിരൂരങ്ങാടി, കൊണ്ടോട്ടി മുനിസിപ്പാലിറ്റികളിലും നന്നമ്പ്ര, വെട്ടത്തൂർ, ഏലംകുളം, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലും വെൽഫെയർ പാർടി യുഡിഎഫ് സഖ്യം പരസ്യമാണ്. അടുത്തിടെ മലപ്പുറം നഗരസഭ കൈനോട് വാർഡ് ഉപതെരഞ്ഞെടുപ്പിലും വെൽഫെയർ പാർടി പിന്തുണ യുഡിഎഫിനായിരുന്നു.