കൊല്ലം
നിർണായകമായ ആർഎസ്പി സംസ്ഥാന കമ്മിറ്റി യോഗം തിങ്കൾ രാവിലെ തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ എ എ അസീസ് സന്നദ്ധനായാൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബി ജോണിനാണ് സാധ്യത. സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് അസീസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്ഥാനം ഒഴിയുമെന്ന് എ എ അസീസ് തന്നെ അടുത്തിടെ പരസ്യമായി പറഞ്ഞിരുന്നു. സെപ്തംബർ ആദ്യം കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ അസീസ് മാറുമെന്ന് ഷിബുവിഭാഗം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സെക്രട്ടറിസ്ഥാനം പിടിച്ചുവാങ്ങാൻ ആരും ശ്രമിക്കേണ്ടെന്നും തൽക്കാലം ഒഴിയില്ലെന്നുമുള്ള കടുത്ത നിലപാട് അസീസ് സ്വീകരിച്ചതിനെ തുടർന്നാണ് ഷിബുവിന് അവസരം നഷ്ടമായത്. സമ്മേളനശേഷം സെക്രട്ടറിസ്ഥാനം ഒഴിഞ്ഞാൽ മതിയെന്ന കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എൻ കെ പ്രേമചന്ദ്രന്റെ ഒത്തുതീർപ്പ് വ്യവസ്ഥ എ എ അസീസ് അംഗീകരിക്കുകയായിരുന്നു.
സെക്രട്ടറിയായി ഷിബു വരുന്നതിനോട് അസീസിനും പ്രേമചന്ദ്രനും വിയോജിപ്പുണ്ട്.