തിരുവനന്തപുരം
പരന്ത് മലന്ത് കെടക്കണ/തരിയാ/കറുത്ത കട്ടിലിൽ/വെള്ളപൊതപ്പിട്ട മാതിരി– -ഡി അനിൽകുമാറിന്റെ ‘തെരച്ചി’ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെ. തീരദേശഭാഷയിൽ എഴുതിയ കവിതയാണ് ‘തെരച്ചി’. സ്വന്തം ഭാഷയിലെ കവിതകൾ അംഗീകരിക്കപ്പെടുകയും ആളുകൾ ഏറ്റെടുത്തുതുടങ്ങിയതിന്റെയും സന്തോഷമുണ്ട് അനിൽകുമാറിന്. ഏറ്റവും പരിചിതവും ആത്മവിശ്വാസമുള്ളവുമായ ഭാഷയിലാണ് എഴുതുന്നത്. അനിലിന്റെ മറ്റൊരു കവിത ഇങ്ങനെ: പുറ്റുകൾ ഊതിവിട്ട/കാറ്റിൻ പാടൽ/പിശറിൻനൂലിൽ/ഇലങ്കയിൻ കതൈ
ഇസൈ/ചങ്കമിലക്കിയത്തിൻ മുതർ/നെയ്തൽത്തിണൈ’ (മലയാളം ഇങ്ങനെ–- പുറ്റുകൾ ഊതി വിട്ട/കാറ്റിന്റെ പാട്ട് /മഴനാരിൽ/ ശ്രീലങ്കയുടെ കഥയും പാട്ടും/ സംഘകാല സാഹിത്യത്തിന്റെ ആദ്യപാട്ട് കേൾക്കുന്നു /നെയ്തൽതിണ). തുറകളിലെ നിരവധി വാക്കുകളുടെ അർഥം കടപ്പെറപാസ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിൽ അനിൽ ശേഖരിച്ചിട്ടുണ്ട്. വിഴിഞ്ഞം സ്വദേശിയാണ് ഡി അനിൽകുമാർ.
തുറകളിലെ ‘പെടയ്ക്കണ’ ഭാഷയ്ക്ക് ക്ലാസുമുറികളിൽ അയിത്തം കൽപ്പിക്കുന്നവർ മുമ്പ് ഉണ്ടായിരുന്നെങ്കിലും അവർ കുറഞ്ഞുവരുന്നുണ്ടെന്ന് അനിൽകുമാർ പറഞ്ഞു. അപകർഷതയില്ലാതെ കുട്ടികൾ പൊതുവേദികളിൽ ഭാഷ എടുത്തുപെരുമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ചങ്കൊണ്ടോ, പറക്കൊണ്ടോ’ ആണ് അനിൽകുമാറിന്റെ ആദ്യ കവിതാസമാഹാരം.
പൊഴിയൂർമുതൽ അഞ്ചുതെങ്ങുവരെയുള്ള തീരദേശഭാഷയെക്കുറിച്ചുള്ള പഠനമായ ‘കടപ്പെറപാസ’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. ‘അവിയങ്കോര’ എന്ന പേരിൽ കവിതാസമാഹാരവും പുറത്തിറങ്ങി. കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയ അനിൽകുമാർ മാർ ഇവാനിയോസ് കോളേജിലെ അധ്യാപകനാണ്.