ഡമാസ്കസ്
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തിൽ സിറിയയിലെ മധ്യ മരുഭൂമി പ്രവിശ്യയായ ഹോംസിൽ നടന്ന ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. 46 തദ്ദേശവാസികളും ഏഴ് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഈവർഷം സിറിയയിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആശുപത്രിയിൽ എത്തിച്ച എല്ലാവരുടെയും തലയിൽ വെടിയേറ്റിരുന്നെന്ന് പാമിറ നാഷണൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വാലിദ് ഒഡെ പറഞ്ഞു.
ട്രഫിൾസ് എന്ന ഭക്ഷ്യക്കൂണ് ശേഖരിക്കുന്നവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വാഹനവും ഭീകരൻമാർ കത്തിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടില്ല.
സിറിയൻ സർക്കാരിന്റെയും സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലാണ് ഹോംസ് പ്രവിശ്യ. ഇവിടെ ചില മേഖലകൾ നേരത്തേ ഐഎസ് നിയന്ത്രണത്തിലായിരുന്നു. വടക്കുകിഴക്കൻ സിറിയയിലെ ഐഎസ് നേതാവായ ഹംസ അല്‍–-ഹോംസിയെ അമേരിക്കൻ, കുർദിഷ് സൈനികർ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞദിവസം വധിച്ചിരുന്നു. മധ്യേഷ്യയിലെ അമേരിക്കൻ സെന്‍ട്രല്‍ കമാന്‍ഡ്, കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സുമായി ചേര്‍ന്നാണ് ഭീകരസംഘടനയുടെ താവളത്തില്‍ റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെയാണ് സാധാരണ ജനങ്ങൾക്കുനേരെയുള്ള ഭീകരാക്രമണം.