ജ്യോതിബസു നഗർ (ഹൗറ)> കർഷക– -കർഷകത്തൊഴിലാളികൾ ഉൾപ്പെടുന്ന സാധാരണക്കാരെ ദ്രോഹിച്ചും ജാതി–- മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ചും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന കേന്ദ്ര ബിജെപി ഭരണത്തിന് അറുതിവരുത്താൻ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത് കർഷക തൊഴിലാളി യൂണിയൻ പത്താം അഖിലേന്ത്യ സമ്മേളനം ഹൗറയിൽ സമാപിച്ചു. കൃഷിയും കൃഷിഭൂമിയും വൻകിട കുത്തക കോർപറേറ്റുകൾക്ക് അടിയറവയ്ക്കാതെ മണ്ണിന്റെ യഥാർഥ അവകാശികൾക്ക് കൈമാറണമെന്ന് സമ്മേളനം കേന്ദ്ര–- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വർഗ ബഹുജന സംഘടനകൾ ഏപ്രിൽ അഞ്ചിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിൽ കർഷകത്തൊഴിലാളികളുടെ പങ്കാളിത്തം വർധിപ്പിക്കാൻ പ്രചാരണം സംഘടിപ്പിക്കാൻ സമ്മേളനം സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടു.
കർഷക–- കർഷക തൊഴിലാളി–- ട്രേഡ് യൂണിയൻ ഐക്യം വിപുലമാക്കുക, തൊഴിലുറപ്പ് പദ്ധതിയും മിനിമം വേതനവും ഉറപ്പാക്കുക, അശാസ്ത്രീയ നഗരവൽക്കരണം നിയന്ത്രിക്കുക, ഭൂപരിഷ്കരണം സമഗ്രമായി നടപ്പാക്കുക, ഭവനരഹിതരായ കർഷകത്തൊഴിലാളികൾക്ക് വീട് അനുവദിക്കുക, ആദിവാസികളുടെ അവകാശങ്ങൾ സംരംക്ഷിക്കുക തുടങ്ങി പതിനേഴിന ഭാവിപോരാട്ട പരിപാടിയും സംഘടന വിപുലപ്പെടുത്താനുള്ള ഇരുപതിന പരിപാടികളും നാലു ദിവസമായി നടന്ന സമ്മേളനം അംഗീകരിച്ചു.
118 വനിതകളുൾപ്പെടെ 674 പേരും 11 നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ പ്രതിനിധികൾ കേരളത്തിൽനിന്നാണ്–- 186. ആകെ പ്രതിനിധികളിൽ 549 പേരും പിന്നാക്ക പട്ടിക ജാതി–- പട്ടിക വർഗ വിഭാഗക്കാരാണ്. 10 സമ്മേളനത്തിലും പങ്കെടുത്ത അഞ്ചുപേരുണ്ട്. ദീർഘകാലം ഭാരവാഹികളായിരുന്ന സ്ഥാനം ഒഴിഞ്ഞ മുതിർന്ന നേതാക്കളായ ഹന്നൻ മൊള്ള, സുനിത് ചോപ്ര, നിത്യാനന്ദ സ്വാമി എന്നിവരെ ആദരിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടുൾപ്പെടെ നിരവധി പ്രമുഖർ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുത്തു.