കോഴിക്കോട്
ജമാഅത്തെ ഇസ്ലാമി –- ആർഎസ്എസ് കൂടിക്കാഴ്ചയിൽ രൂക്ഷ വിമർശവുമായി കെഎൻഎം മർകസുദഅവ. രാജ്യത്തെ മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസിന് മുമ്പിൽ അവതരിപ്പിക്കാൻ മുസ്ലിം സംഘടനകൾ കൂട്ടായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചർച്ചക്ക് പോയതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മർകസുദഅവ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രധാന സംഘടനകളൊന്നും അറിയാത്ത തീരുമാനം സമുദായത്തിന്റെ പേരിൽ അവകാശപ്പെടുന്നത് നീതിയുക്തമല്ല.
മുസ്ലിം സംഘടനകളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ ഫാസിസ്റ്റ് അജൻഡകൾക്ക് മുസ്ലിം സംഘടനകൾ ചട്ടുകമാവരുത്. സമുദായങ്ങൾക്കിടയിലെ ഭിന്നത പരിഹരിക്കാനാണ് ആർഎസ്എസുമായി ചർച്ചക്ക് പോയതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. ഐഎസ്ഐഎസ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കാത്തതുപോലെ ആർഎസ്എസ് ഹൈന്ദവ സമൂഹത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമിയാണ് യോഗം ഉദ്ഘാടനംചെയ്തത്. വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കുന്ദംകുളം അധ്യക്ഷനായി.
വിശദാംശം പുറത്തുവിടണം: എസ്വൈഎസ്
കോഴിക്കോട്
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമി മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയല്ലെന്ന് എസ്വൈഎസ് സംസ്ഥാന യൂത്ത് കൗണ്‍സില്‍. ശൈഥില്യവും നിഗൂഢ അജൻഡകളും പതിവാക്കിയവര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശം പുറത്തുവിടണം. ഇത്തരം ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി മുസ്ലിങ്ങള്‍ക്ക് ബന്ധമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.