ന്യൂഡൽഹി
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി പണവും അധികാരവും ദുർവിനിയോഗിക്കുന്നത് തടഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സിപിഐ എം ധർണ. ഡൽഹി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ജന്തർ മന്ദിറിൽ നടന്ന സമരത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ബിജെപി അധികാരമേറ്റ് അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്ത് ജനാധിപത്യ സംവിധാനങ്ങൾ തകർത്തുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ത്രിപുരയിൽ ഭരണഘടനയും പാർലമെന്ററി സംവിധാനവും ജനാധിപത്യവും നിലനിൽക്കുമോ എന്നാണ് പ്രധാനചോദ്യം. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബിജെപി പൂർണമായും അട്ടിമറിച്ചു. ഇടതുമുന്നണി പ്രവർത്തകർക്കെതിരെ രൂക്ഷമായ ആക്രമണം തുടരുകയാണ്. 667 പാർടി ഓഫീസും 3363 വീടും ഇതുവരെ തകർത്തു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഇടതുമുന്നണി പ്രവർത്തകരെയും ബിജെപിക്കാർ ആക്രമിക്കുന്നു. ഈ സാഹചര്യത്തിൽ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടക്കില്ല. എല്ലാവർക്കും നിർഭയം വോട്ട് ചെയ്യാനുള്ള സാഹചര്യം കമീഷൻ ഒരുക്കണമെന്നും -കാരാട്ട് ആവശ്യപ്പെട്ടു. മുതിർന്ന സിപിഐ എം നേതാവ് ഹന്നൻ മൊള്ള, ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി, ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ തുടങ്ങിവർ സംസാരിച്ചു.