ന്യൂഡൽഹി
ഹിൻഡൻബർഗ് റിപ്പോർട്ടുകളെത്തുടർന്ന് അദാനിഗ്രൂപ്പ് നിക്ഷേപകർക്ക് ലക്ഷക്കണക്കിന് കോടിയുടെ നഷ്ടമുണ്ടായെന്ന് സുപ്രീംകോടതി. ഇത് ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) നിർദേശം നൽകി. ഹിൻഡൻബർഗ് റിസർച്ചിനും ഭാരവാഹികൾക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇടപെടൽ.
ഇന്ത്യയിലെ നിക്ഷേപകരുടെ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. ഇത്തരം നഷ്ടങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ സെബിക്ക് എന്ത് അധികാരമാണ് നൽകേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ധനമന്ത്രാലയം ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ഇതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സെബിക്ക് നിർദേശം നൽകി. സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സെബിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമെഹ്ത അറിയിച്ചെങ്കിലും കോടതിക്ക് തൃപ്തിയായില്ല. ഓഹരി വിപണിയിലെ ഇടത്തരക്കാരുമുണ്ട്. നിക്ഷേപക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര ബാങ്കിങ് മേഖലയിലെയും സെക്യൂരിറ്റീസ് മാർക്കറ്റിലെയും വിദഗ്ധരെ ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപീകരിക്കുന്നത് ഉൾപ്പെടെ ചിന്തിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
വിരമിച്ച ജഡ്ജിയെ മേൽനോട്ടത്തിന് ചുമതലപ്പെടുത്താം. സെബിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമെടുക്കാം–- മൂന്നംഗ ബെഞ്ച് നിർദേശിച്ചു. തിങ്കളാഴ്ച ഹർജികൾ കോടതി വീണ്ടും പരിഗണിക്കും.