തിരുവനന്തപുരം
ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ടൈഫോയ്ഡ്, വിരശല്യ വാക്സിനുകൾ നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കിൽ വിദഗ്ധ പരിശോധന, ക്ഷയരോഗ ലക്ഷണമുണ്ടെങ്കിൽ കഫം പരിശോധന എന്നിവയ്ക്കുശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. വിരശല്യത്തിനും ടൈഫോയ്ഡിനും വാക്സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറിൽ നിർദേശിച്ചിരുന്നു. ടൈഫോയ്ഡ് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ചിലർ രോഗവാഹകരാകും. അവരിൽനിന്ന് രോഗം പകരാതിരിക്കാനാണ് വാക്സിൻ നിർബന്ധമാക്കിയത്.
നിലവിൽ ഭക്ഷ്യമേഖലയിലെ വിവിധ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ ടൈഫോയ്ഡ് വാക്സിനേഷൻ നിർബന്ധമാണ്. അതേരീതിയാണ് ഇപ്പോൾ ഹെൽത്ത് കാർഡ് നൽകുന്നതിനും ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്. ടൈഫോയ്ഡ് കൺജഗേറ്റ്, ടൈഫോയ്ഡ് പോളിസാക്രറൈഡ്, ടൈ 21എ തുടങ്ങി വിവിധ വാക്സിനുകൾ വിപണിയിൽ ലഭ്യമാണ്. മെഡിക്കൽ സ്റ്റോറുകളിൽ 160 മുതൽ 200 രൂപവരെയാണ് മരുന്നിന് വിലവരുന്നത്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ടൈഫോയ്ഡ് വാക്സിനേഷൻ ലഭ്യമാണ്. വാക്സിന്റെ ലഭ്യതക്കുറവുള്ള ആശുപത്രികളിലേക്ക് ഓർഡർ ലഭിക്കുന്നതിന് അനുസരിച്ച് വാക്സിൻ ലഭ്യമാക്കുന്നുമുണ്ട്. മരുന്നിന്റെ ക്ഷാമംമൂലം ഇതുവരെയും വാക്സിനേഷൻ മുടങ്ങിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.