കോന്നി
അറുപത് ജീവനക്കാർ ജോലിചെയ്യുന്ന കോന്നി താലൂക്ക് ഓഫീസിൽ 25 ജീവനക്കാർ മാത്രമേ വെള്ളിയാഴ്ച ജോലിക്കെത്തിയുള്ളൂ. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തിയവര്‍ ഏറെ ബുദ്ധിമുട്ടി. 35 പേര് അവധിയെടുത്തതില്‍ തഹസില്‍ദാരടക്കം 17 പേര് മൂന്നാറിലേക്ക് വിനോദയാത്ര പോയി. ചിലര്‍ രേഖാമൂലവും മറ്റ് ചിലര്‍ വാക്കാലുമാണ് അവധിയെടുത്തതെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് റവന്യു മന്ത്രി കോന്നി ഡെപ്യൂട്ടി തഹസീൽദാരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് കെ യു ജനീഷ്കുമാര്‍ എംഎല്‍എ, ഓഫീസില്‍ നേരിട്ടെത്തി മന്ത്രിയെ വിവരമറിയിച്ചു. മന്ത്രി പ്രശ്നം ഗൗരവമായെടുത്തിട്ടുണ്ടെന്നും ഉചിത നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനീഷ്കുമാര്‍ പറഞ്ഞു.
19 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നു. മറ്റുള്ളവർ അപേക്ഷ നൽകാതെ വാക്കാല്‍ അവധിയെടുത്തെന്നാണ് പറയുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്ക് താലൂക്ക് ഓഫീസിലെത്തിയ വികലാംഗരടക്കമുള്ളവര് ജീവനക്കാരില്ലാതെ വന്നതോടെ പ്രതിസന്ധിയിലായി. ഗവിപോലുള്ള ഇടങ്ങളിൽനിന്ന് തലേദിവസം യാത്രതിരിച്ചാൽ മാത്രമേ, താലൂക്ക് ഓഫീസിലെത്തി ആവശ്യം നടത്തി മടങ്ങാനാകൂ. മറ്റ് വിദൂര മേഖലകളിൽനിന്ന് താലൂക്ക് ഓഫീസിലെത്താനും ഒരുദിവസത്തെ യാത്ര ആവശ്യമാണെന്നിരിക്കെയാണ് ജീവനക്കാര്‍ കൂട്ട ആവധിയെടുത്ത് ജനങ്ങളെ വലച്ചത്.