കൊച്ചി
എംജി സർവകലാശാല കലോത്സവത്തിന്റെ മൂന്നാംദിനം സ്വന്തമാക്കി എറണാകുളം സെന്റ് തെരേസാസ് കോളേജ്. മത്സരങ്ങൾ പുരോഗമിക്കുമ്പോൾ 54 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് കോളേജാണ് മുന്നിൽ. 37 പോയിന്റുമായി തേവര എസ്എച്ചും ആതിഥേയരായ മഹാരാജാസും രണ്ടാംസ്ഥാനത്തുണ്ട്. പതിനെട്ട് പോയിന്റുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജാണ് മൂന്നാംസ്ഥാനത്ത്. കാലടി ശ്രീശങ്കര കോളേജ് (16 പേയിന്റ്) നാലാമതും എറണാകുളം ഗവ. ലോ കോളേജ് (12 പോയിന്റ്) അഞ്ചാമതുമുണ്ട്.
സന്തോഷം ഇരട്ടി, ഇനി മൻസിയയെ കാണണം
പങ്കെടുത്ത രണ്ടുമത്സരത്തിലും സമ്മാനവുമായാണ് മേധയുടെ മടക്കം. ഓട്ടൻതുള്ളലിൽ ഒന്നാംസ്ഥാനവും ഏകാഭിനയത്തിൽ മൂന്നാംസ്ഥാനവും. മതത്തിന്റെ പേരിൽ നൃത്താവതരണത്തിന് അവസരം നിഷേധിക്കപ്പെട്ട നർത്തകി വി പി മൻസിയയുടെ കഥയാണ് മേധ രാജീവ് ഏകാഭിനയത്തിൽ അവതരിപ്പിച്ചത്. മൻസിയയെ നേരിൽ കാണാനിരിക്കുകയാണ് മേധ. ഓട്ടൻതുള്ളലിൽ രുക്മിണീസ്വയംവരമാണ് അവതരിപ്പിച്ചത്. അഞ്ചുവർഷമായി പഠിക്കുന്നുണ്ട്. ചങ്ങനാശേരി എസ്ബി കോളേജ് എംഎസ്സി സുവോളജി വിദ്യാർഥിനിയാണ് കോഴിക്കോട് സ്വദേശിയായ മേധ.
ജംഷീനയുടെ
ചുവട്
സ്വപ്നങ്ങളിലേക്ക്
ലോ കോളേജിലെ വേദിയിൽനിന്ന് മോഹിനിയാട്ട മത്സരം കഴിഞ്ഞ് ജംഷീന നേരെ പോയത് വെണ്ണലയിലെ ഡബ്ബിങ് സ്റ്റുഡിയോയിലേക്ക്. നവാസ് അലിയുടെ സംവിധാനത്തിൽ മേയിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ‘പ്രാവ്’ എന്ന സിനിമയ്ക്കായാണ് ഡബ്ബിങ്. നൃത്തത്തിനൊപ്പം സിനിമയിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ആർഎൽവി കോളേജിലെ എംഎ മോഹിനിയാട്ടം ഒന്നാംവർഷ വിദ്യാർഥിനി ജംഷീന ജമാൽ. കലോത്സവത്തിൽ കേരളനടനത്തിലും മോഹിനിയാട്ടത്തിലും മത്സരിച്ചു. മോഹിനിയാട്ടത്തിൽ രണ്ടാംസ്ഥാനവും കേരളനടനത്തിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
നൃത്തവും സിനിമയും ഒന്നിച്ച് കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് ജംഷീന പറഞ്ഞു. മോഹിനിയാട്ടത്തിൽ പിഎച്ച്ഡിയും ചെയ്യണം. ഇടപ്പള്ളി സ്വദേശിയായ ജംഷീനയുടെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണ നൽകി കുടുംബവും ഒപ്പമുണ്ട്.