കൊച്ചി
എംജി സർവകലാശാല യുവജനോത്സവം ആസ്വദിക്കാൻ വിദേശികളും. മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ വെള്ളി രാവിലെമുതൽ നാടോടിനൃത്തം കാണാനെത്തിയവരിൽ സ്പെയിൻകാരി ആംഗേലയും ഉണ്ടായിരുന്നു. നാലുദിവസംമുമ്പാണ് ആംഗേല ഫോർട്ട് കൊച്ചിയിലെത്തിയത്. എറണാകുളത്ത് വന്നപ്പോൾ ചുറ്റിലും കലോത്സവത്തിന്റെ ആരവം. കുട്ടികളുടെ കലാപ്രകടനം ആസ്വദിച്ച് മത്സരങ്ങൾ മൊബൈൽഫോണിലും പകർത്തി. കർഷകയായും വേലക്കാരിയായും കറിച്ചട്ടിവിൽപ്പനക്കാരിയായുമൊക്കെ നർത്തകർ ആടിത്തകർക്കുമ്പോൾ അതെല്ലാം കൗതുകത്തോടെ ആസ്വദിക്കുകയായിരുന്നു ഈ അമ്പത്തഞ്ചുകാരി.
ലോ കോളേജ് ഓഡിറ്റോറിയത്തിൽ ജർമൻകാരൻ റോളൻ രണ്ടാംദിനവും കലോത്സവം കാണാനെത്തി. മൂന്നുമാസത്തെ ദക്ഷിണേന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് റോളൻ എറണാകുളത്തെത്തിയത്. തൊട്ടടുത്ത ഹോട്ടലിൽ താമസിക്കവെ വേദികളിലെ സംഗീതം കേട്ടാണ് എത്തിയത്. സംഘഗാനമത്സരം ഏറെ ഹൃദ്യമായിരുന്നെന്നും കുച്ചിപ്പുടി മത്സരം ആദ്യമായി കാണുകയാണെന്നും ജർമനിയിലെ ആശുപത്രിയിൽ നഴ്സായ റോളൻ പറയുന്നു.