കൊച്ചി
കണ്ണൂർ വളപട്ടണം ഐഎസ് കേസിൽ എൻഐഎ കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കണ്ണൂർ ചക്കരക്കൽ മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ് (31), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ വി അബ്ദുൾ റസാഖ് (39), തലശേരി കുഴിപ്പങ്ങാട്ട് യു കെ ഹംസ (62) എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. തീവ്രവാദസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നും സിറിയയിലേക്ക് പോകാനും സിറിയൻ സർക്കാരിനെതിരെ യുദ്ധംചെയ്യാനും ഗൂഢാലോചന നടത്തിയെന്നുമുള്ള കേസിലാണ് എറണാകുളം എൻഐഎ കോടതി മിഥിലാജ്, ഹംസ എന്നിവർക്ക് ഏഴുവർഷം വീതം തടവും 50000 രൂപ പിഴയും അബ്ദുൾ റസാഖിന് ആറുവർഷം തടവും 40000 രൂപ പിഴയും വിധിച്ചത്. ഈ ഉത്തരവ് ചോദ്യംചെയ്ത് നൽകിയിട്ടുള്ള അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
2015–-16 കാലയളവിൽ പ്രതികൾ വളപട്ടണം, മുണ്ടേരി, മലപ്പുറം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഐഎസുമായി ബന്ധപ്പെട്ട് യോഗം ചേരുകയും റിക്രൂട്ട്മെന്റ് നടത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് 2017ൽ വളപട്ടണം പൊലീസ് കേസെടുത്തു. പിന്നീടിത് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തിയാണ് കേസെടുത്തത്.