ന്യൂഡൽഹി
ലെഫ്റ്റനന്റ് ഗവർണർക്കെതിരായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ സുപ്രീംകോടതി മുമ്പാകെ വിയോജിപ്പ് അറിയിച്ച് കേന്ദ്രസർക്കാർ.
ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോയെന്ന വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേൾക്കവെയാണിത്. ഈ ഘട്ടത്തിൽ കോടതിക്ക് പുറത്ത് പ്രതിഷേധിക്കുന്നത് അനുചിതമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു. തലസ്ഥാനത്ത് സംഭവിക്കുന്നത് രാജ്യമാകെ കാണുന്നുണ്ട്, അത് നാണക്കേടാണ്–- തുഷാർ മെഹ്ത പറഞ്ഞു. ഭരണഘടനാ വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. സോളിസിറ്റർ ജനറൽ പറഞ്ഞതിനേക്കാൾ കൂടുതൽ പറയാനുണ്ടെന്നും എന്നാൽ ഒഴിവാക്കുകയാണെന്നും ഡൽഹി സർക്കാരിനായി ഹാജരായ അഭിഷേക് മനു സിങ്വി പറഞ്ഞു.