മലപ്പുറം> മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദേശങ്ങൾ പാലിച്ചുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബാങ്കിന്റെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിച്ച് നിരവധി രേഖകൾ റിസർവ് ബാങ്കിന് സമർപ്പിക്കണം. ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.
റിസർവ് ബാങ്കിന്റെ 19 നിർദേശങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാം പൂർത്തിയാക്കി. ഐടി ഇന്റഗ്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ലയനം പൂർത്തിയാകുന്നതോടെ കേരള ബാങ്കിന്റെ ക്ഷീരമിത്ര ഉൾപ്പെടെ 48 വായ്പാ പദ്ധതികളും മലപ്പുറം ജില്ലയിലും ലഭ്യമാകും. 30 ശതമാനമാണ് ജില്ലാ സഹകരണ ബാങ്കിന്റെ നിലവിലെ എൻപിഎ കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ ഇത് കുറയ്ക്കാനാകും. ലയന സമയത്ത് മറ്റ് ജില്ലാ ബാങ്കുകളിലും ഉയർന്ന എൻപിഎ ആയിരുന്നു.
ഐടി സംവിധാനങ്ങളുടെ നവീകരണം ഉൾപ്പെടെയുള്ളവയിലും മുന്നേറ്റമുണ്ടാകും. നീതിപൂർവമായ വായ്പാ വിതരണത്തിനാണ് കേരള ബാങ്ക് വഴിയൊരുക്കുന്നത്. പ്രാഥമിക സംഘങ്ങൾക്ക് നബാർഡിന്റെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും പദ്ധതി വായ്പ വിതരണംചെയ്യാനാകും. കോവിഡ് കാലത്ത് 2500 കോടി രൂപ ആർബിഐ സ്പെഷൽ ലിക്വിഡിറ്റി ഫണ്ടായി നൽകി. ജില്ലയിൽ ഇത് വിതരണംചെയ്യാനായില്ല. 65 ശതമാനമാണ് കേരളബാങ്കിന്റെ നിലവിലെ സിഡി റേഷ്വോ. മാർച്ച് അവസാനത്തോടെ ഇത് 70 ശതമാനം എത്തിക്കാനുള്ള ശ്രമമാണ്.
റിസർവ് ബാങ്ക് നടപടികൾ പൂർത്തീകരിച്ചശേഷം ബ്രാഞ്ചുകളുടെ വിപുലീകരണത്തിന് നയരൂപീകരണം ഉൾപ്പെടെ നടത്തും. എൻആർഐ അക്കൗണ്ടുകൾ സ്വീകരിക്കാനും നടപടിയെടുക്കും. കരാർ, താൽക്കാലിക ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാവില്ല. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും നീതിപൂർവം നടപ്പാക്കും. ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ, സ്പെഷൽ ഓഫീസർ ഡോ. എൻ അനിൽകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.