കടയ്ക്കൽ (കൊല്ലം)
വടിവാളും വിദേശ വളർത്തുനായ്ക്കളുമായി മൂന്നുനാൾ നാടിനെ മുൾമുനയിൽ നിർത്തിയ യുവാവിനെ സാഹസികമായി കീഴടക്കി. ചിതറ മാങ്കോട് ജലജ മന്ദിരത്തിൽ സജീവിനെ (40)യാണ് പൊലീസും അഗ്നിരക്ഷാസേനയും മൃഗസംരക്ഷണ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തന്ത്രപരമായി കീഴടക്കിയത്.
ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ റോട്ട്വീലർ, ജെർമൻ ഷെപ്പേർഡ് നായ്ക്കളെ അഴിച്ചുവിട്ടശേഷം വീട്ടിലേക്ക് ആരെയും കയറാൻ അനുവദിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കിഴക്കുംഭാഗം ജങ്ഷനു സമീപം സുപ്രഭ (70)യുടെ വീടിനുമുന്നിൽ വ്യാഴം രാവിലെ കാറിൽ നായ്ക്കളും വടിവാളുമായി എത്തിയ ഇയാൾ ഭീഷണി മുഴക്കി. തന്റെ അച്ഛന്റെ സ്ഥലവും വീടുമാണെന്നും താമസക്കാർ ഇറങ്ങണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരെയും പൊലീസിനെയും അഗ്നിരക്ഷാ സേനാംഗങ്ങളെയും വടിവാളുകാട്ടി ഏറെനേരം മുൾമുനയിൽ നിർത്തി. പൊലീസിന്റെ അനുനയ നീക്കമൊന്നും ഫലം കണ്ടില്ല. ഒടുവിൽ സ്വന്തം കാറിൽ സ്റ്റേഷനിൽ എത്താമെന്ന ഉറപ്പിൽ പൊലീസ് പിൻവാങ്ങി. എന്നാൽ, പൊലീസിനെ വെട്ടിച്ച് മാങ്കോടുള്ള സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തി ഗേറ്റ് പൂട്ടിയശേഷം നായ്ക്കളെ തുറന്നുവിട്ടു. അന്നുമുതൽ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ശനി രാവിലെ വൻ പൊലീസ് സന്നാഹവും ഡോഗ് സ്ക്വാഡും ആന പരിശീലകരും ഉൾപ്പെടെ സ്ഥലത്തെത്തി.
വളർത്തുനായ്ക്കളെ തുറന്നുവിട്ടതിനാൽ അടുക്കാനായില്ല. വീടിനുള്ളിൽ വടിവാളുമായി അസഭ്യം പറഞ്ഞും ഭീഷണി മുഴക്കിയുംനിന്ന ഇയാളെ അനുനയിപ്പിക്കാൻ ചിതറ സിഐ രാജേഷിന്റെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വൈകിട്ട് മൂന്നിന് പൊലീസുകാരും അഗ്നിരക്ഷാ സേനയും വീട്ടുവളപ്പിൽ കയറി. ഇത് മനസ്സിലാക്കിയ ഇയാൾ ജനാലകളില്ലാത്ത മുറിയിൽ കയറി കതകടച്ചു. ഇതിനിടെ അമ്മയുടെ കഴുത്തിൽ വടിവാൾവച്ച് ഭീഷണി മുഴക്കി. പൊലീസ് അനുനയ സംഭാഷണം നടത്തുന്നതിനിടെ പിൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന പൊലീസും നായപരിശീലകരും നാട്ടുകാരും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. ക്ഷീണിതനായ പ്രതിയെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.