ന്യൂഡൽഹി> വിമാനത്തിൽ വയോധികയായ യാത്രക്കാരിയുടെമേൽ മദ്യപിച്ച് ലക്കുകെട്ട സഹയാത്രികൻ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഗുരുതര വീഴ്ചയുണ്ടായതായി വ്യോമയാന ഡയറക്ടറേറ്റ് (ഡിസിജിഎ). വിഷയം നിരുത്തരവാദിത്വപരമായാണ് കൈകാര്യം ചെയ്തതെന്നും എയർ ഇന്ത്യക്ക് പിഴവുണ്ടായതായും ഡിസിജിഎ പ്രതികരിച്ചു. വിശദീകരണം ആവശ്യപ്പെട്ട് എയർ ഇന്ത്യക്ക് നോട്ടീസ് അയച്ചു. പൈലറ്റും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം.
നവംബർ 26നാണ് വിവാദമായ സംഭവം. ന്യൂയോർക്ക് –-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസിൽ സഞ്ചരിച്ച മുംബൈ വ്യവസായി ഷങ്കർ മിശ്രയാണ് എഴുപതുകാരിയോട് അപമര്യാദയായി പെരുമാറിയത്. വിമാനജീവനക്കാർ സീറ്റ് വൃത്തിയാക്കുയോ യാത്രക്കാരിയെ മാറ്റിയിരുത്തുകയോ ചെയ്തില്ല. അപമര്യാദയായി പെരുമാറിയ ആൾക്കെതിരെ നടപടിയുമുണ്ടായില്ല. യാത്രക്കാരി എയർ ഇന്ത്യക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ ഡൽഹി പൊലീസും കേസെടുത്തു. ഷങ്കർ മിശ്രയെ ഇനിയും അറസ്റ്റുചെയ്യാൻ പൊലീസിനായിട്ടില്ല.
പാരിസ്– ഡൽഹി വിമാനത്തിലും സമാന സംഭവം
എയർ ഇന്ത്യയുടെ പാരിസ്– ഡൽഹി വിമാനത്തിലും യാത്രക്കാരിയുടെമേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. കഴിഞ്ഞ ഡിസംബർ ആറിനായിരുന്നു സംഭവം. യാത്രക്കാരിയുടെ പുതപ്പിൽ മദ്യപിച്ചയാൾ മൂത്രമൊഴിക്കുകയായിരുന്നു. ഉടൻ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിച്ചു. വിമാനം ഇറങ്ങിയ ഉടൻ ഇയാളെ പിടികൂടിയെങ്കിലും മാപ്പെഴുതിവാങ്ങി പറഞ്ഞുവിടുകയായിരുന്നു.