തിരുവനന്തപുരം> കേരളത്തിലെ സ്ത്രീമുന്നേറ്റ ചരിത്രത്തിൽ മായാത്ത പേരാണ് ദേവകിവാര്യർ. സവർണമുദ്ര കൊടികുത്തിവാണ 1920ൽ ആണ് പള്ളത്ത് രാമൻ നമ്പൂതിരിയുടെയും ആര്യാപള്ളത്തിന്റെയും മൂത്ത മകളായി ദേവകി ജനിച്ചത്. പുരോഗമന ആശയം മുറുകെപ്പിടിച്ച പള്ളത്ത് കുടുംബത്തിന്റെ ചിന്താധാര കുഞ്ഞുദേവകിയെയും സ്വാധീനിച്ചു. ആര്യാപള്ളം തന്റെ സമരവീര്യം മകൾക്കും പകർന്നു. 12––ാം വയസ്സിൽ വാർധയിലെ ഗാന്ധി ആശ്രമത്തിൽ വിദ്യാർഥിനിയായി ചേർന്നു. ഗാന്ധിജിയുടെ അരുമശിഷ്യയായി. സേവാദൾ ക്യാപ്റ്റൻ സ്ഥാനത്തുവരെ എത്തി. 1938ൽ മെട്രിക്കുലേഷൻ പാസായി നാട്ടിലേക്ക് മടങ്ങി.
പിന്നീട് മദ്രാസിൽ ആയുർവേദ മെഡിക്കൽ ബിരുദ കോഴ്സിന് ചേർന്നു. അവിടെ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ നേതൃനിരയിലെ ഏക വനിതാ അംഗവുമായി. 23––ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗം. 1946ൽ ഡോ. പി കെ ആർ വാര്യരുടെ ജീവിതസഖിയായി. ചർക്കയിൽ നൂറ്റ രണ്ടു നൂൽ പരസ്പരം ചാർത്തിയായിരുന്നു ഡോക്ടറുടെയും ദേവകിയുടെയും വിവാഹം. വിവാഹസമയത്തും തുടർന്നും വിലയുള്ള വസ്ത്രങ്ങളോ ആഭരണമോ ഉപയോഗിച്ചില്ല.
1960ൽ ആണ് തിരുവനന്തപുരത്തേക്കെത്തുന്നത്. ജില്ലയിൽ മഹിളാ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് കരുത്തായി. 1968ൽ കേരള മഹിളാ ഫെഡറേഷൻ രൂപീകരിക്കുമ്പോൾ ഗൗരിയമ്മയ്ക്കും സുശീല ഗോപാലനുമൊപ്പം സംസ്ഥാന നേതൃനിരയിലെത്തി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി.
പിന്നീട് സംസ്ഥാന പ്രസിഡന്റായി. വർക്കിങ് വിമൻസ് അസോസിയേഷൻ രൂപീകരിച്ച് നഗരത്തിലെ വനിതാ ജീവനക്കാരെ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. 1970ൽ തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിൽ മെഡിക്കൽ കോളേജ് വാർഡിൽ മത്സരിച്ച് കൗൺസിലറായി. 1979ൽ ഡോ. പി കെ ആർ വാര്യർ മണിപ്പാലിൽ സേവനം അനുഷ്ഠിക്കുമ്പോൾ അവിടെയും മഹിളാ പ്രസ്ഥാനത്തിൽ സജീവമായി. 2001 ഡിസംബർ 25ന് അന്തരിച്ചു.