വൈപ്പിൻ
ക്രിസ്മസ്–-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചെറായി ബീച്ചിൽ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനപാതയിൽനിന്ന് ബീച്ചിലേക്കുള്ള പ്രധാന റോഡ് വൺവേ ആയിരിക്കും. ബീച്ചിലെത്തി വലത്തോട്ടുതിരിയുന്ന വാഹനങ്ങൾ വടക്കോട്ടേക്ക് പോയി മുനമ്പം ഹാർബർ പാലംവഴി സംസ്ഥാനപാതയിൽ എത്തി തിരികെ പോകണം. ഇരുചക്രവാഹനങ്ങൾക്കുമാത്രം രവീന്ദ്രപാലം വഴി ജനഹിത റോഡിലൂടെ സംസ്ഥാനപാതയിൽ എത്താം.
ബീച്ചിലെത്തി ഇടത്തോട്ടുതിരിയുന്ന വാഹനങ്ങൾ രക്തേശ്വരി റോഡ് വഴിയോ കുഴുപ്പിള്ളി ബീച്ച് റോഡ്, എടവനക്കാട് സെയ്തുമുഹമ്മദ് ബീച്ച് റോഡ് വഴിയോ തിരികെ സംസ്ഥാനപാതയിൽ എത്തണം.
ബീച്ചിൽ റോഡിന്റെ ഇടതുവശംമാത്രമേ പാർക്കിങ് അനുവദിക്കൂ. നിർദേശം തെറ്റിച്ചാൽ പിഴയിടും. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും താമസിക്കാനെത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ നടത്തിപ്പുകാർ വാങ്ങി സൂക്ഷിക്കണം.
ഐസ്ക്രീം, ബജി കടകൾ, മറ്റു ഭക്ഷണവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ അധികൃതരുടെ ഗുണനിലവാര പരിശോധനയുണ്ടാകും. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ബീച്ചിൽ അധികമായി താൽക്കാലിക ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വെളിച്ചവും ഒരുക്കിയിട്ടുണ്ട്.