തിരുവനന്തപുരം
ക്രിസ്മസ് പുതുവത്സര ആഘോഷത്തിന് തയ്യാറെടുക്കുന്നവരോട് പൊലീസിന് പറയാനുള്ളത് –- ‘നോ ടു ഡ്രഗ്സ്’. ഓരോ ജില്ലയിലും ആന്റി നർകോട്ടിക് ടാസ്ക് ഫോഴ്സ് (എഎൻടിഎഫ്) രൂപീകരിച്ച് പാർട്ടികൾ നിരീക്ഷിക്കും. ലഹരി ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായുള്ള ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്റെ ഭാഗമായാണിത്.
ക്രിസ്മസ്, പുതുവത്സര പാർട്ടികളും ആഘോഷങ്ങളും നടക്കുന്ന ബീച്ചുകൾ, ഹോട്ടലുകൾ, നൈറ്റ് ക്ലബ്ബുകൾ എന്നിവിടങ്ങളിലെല്ലാം പൊലീസിന്റെ കണ്ണുണ്ടാകും.
ആഘോഷങ്ങൾക്ക് തടസ്സമുണ്ടാക്കാതെ മഫ്തിയിലാകും പൊലീസ് നിലയുറപ്പിക്കുക. ലഹരി ഉപയോഗവും വിൽപ്പനയും ശ്രദ്ധയിൽപ്പെട്ടാൽ നടപടികളുണ്ടാകും. ആഭ്യന്തര സെക്രട്ടറി കൺവീനറും ചീഫ് സെക്രട്ടറി കൺവീനറുമായുള്ള ‘എൻകോഡ് സെക്രട്ടറിയറ്റി’നാണ് ഏകോപന ചുമതല.
ആഘോഷങ്ങളിൽ ലഹരി ഇല്ലെന്നുറപ്പാക്കണമെന്ന് പ്രധാന ഹോട്ടലുകളെയും സംഘാടകരെയും അറിയിച്ചു. പ്രവേശന പാസുകളിലും ടിക്കറ്റുകളിലും നോ ടു ഡ്രഗ്സ് ക്യാമ്പയിൻ എഴുത്തുണ്ടാകണം. ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട നോട്ടീസുകളും വിതരണം ചെയ്യുമെന്ന് പൊലീസ് ആസ്ഥാന എഡിജിപി കെ പത്മകുമാർ പറഞ്ഞു.