അമ്പലപ്പുഴ
നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂൾ അങ്കണത്തിൽ കുഞ്ഞു നിദാസ് കണ്ണടച്ചു കിടന്നു. പ്രിയ കൂട്ടുകാരുടെ വിലാപവും തടിച്ചുകൂടിയവരുടെ തേങ്ങലും കണ്ണീരും. കലപിലകൂട്ടി ഓടിക്കളിച്ച സ്കൂൾമുറ്റവും താണ്ടി നിദാസ് അന്ത്യായാത്രയാകുമ്പോൾ കണ്ടുനിന്നവരുടെ ഇടനെഞ്ച് വിങ്ങി.
നാഗ്പുരിൽ അന്തരിച്ച ദേശീയ സൈക്കിൾ പോളോ കേരള താരം കാക്കാഴം സുഹറ മന്‍സിലില്‍ ഷിഹാബ്ദീന്‍–-അന്‍സില ദമ്പതികളുടെ മകള്‍ ഫാത്തിമ നിദാസ് ഷിഹാബ്ദീന്റെ മൃതദേഹം പഠിക്കുന്ന സ്കൂളിൽ ശനി രാവിലെ എത്തിച്ചപ്പോൾ എങ്ങും വികാരഭരിതമായ രംഗങ്ങളായിരുന്നു. അധ്യാപകരും പ്രിയ കൂട്ടുകാരും നിറഞ്ഞ കണ്ണുകളോടെ നിദാസിനെ യാത്രയാക്കി. ശനി രാവിലെ 6.20ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജന്മനാടിനായി എച്ച് സലാം എംഎല്‍എ ഏറ്റുവാങ്ങി, നീര്‍ക്കുന്നം ഷംസുല്‍ ഉലമ സ്മാരക സൗധത്തില്‍ എത്തിച്ചു.
നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിലേക്ക് കൊണ്ടുവന്ന മൃതദേഹം പിന്നീട് ഷിഹാബ്ദീന്റെ കുടുംബവീടായ കാക്കാഴം ഏഴരപീടികയിലെ സുഹറമന്സിലിലേക്ക് കൊണ്ടുപോയി. 11.30ന് കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.